കൊച്ചി: ഒരൊറ്റ ദിവസം കൊണ്ട് കേരളമൊന്നടങ്കം ചര്‍ച്ച ചെയ്ത പേരാണ് ഹനാന്റേത്. വാദപ്രതിവാദങ്ങള്‍ക്കും സോഷ്യല്‍മീഡിയയിലെ അപവാദ പ്രചരണങ്ങള്‍ക്കുമൊടുവില്‍ മലയാളികള്‍ തെറ്റ് തിരുത്തി മാപ്പു പറഞ്ഞിരുന്നു.
സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തുന്ന ഹനാന്റെ കഥ വാര്‍ത്തയായതിന് പിന്നാലെ കുപ്രചരണവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ ഹനാന്റെ ജീവിത കഥ സത്യമാണെന്നും ഹനാനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറത്ത് വന്നിരുന്നു.
ഇപ്പോള്‍ ഇതാ രണ്ട് വര്‍ഷം മുമ്പ് ഹനാന്‍ തന്നെ എഴുതി സംഗീതം നല്‍കി പാടിയ ഗാനം ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. നോട്ടു നിരോധന സമയത്ത് 2016 ല്‍ രചിച്ച് നോട്ടില്ലാ പാത്തുമ്മ എന്ന് ഗാനമാണ് ഇപ്പോള്‍ വൈറാലാവുന്നത്.
“മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതും. ഈണം നല്‍കും. പാടുകയും ചെയ്യും”.എന്ന് അടികുറിപ്പോടെയാണ് ഗാനം വീണ്ടും പ്രചരിക്കുന്നത്. അതേസമയം, ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. സംഭവത്തില്‍ വയനാട് സ്വദേശിയായ
നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ ഇന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
വിവിധ ഫേസ്ബുക്ക് ഗ്രൂപ്പുകളെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഫോര്‍വേഡ് മെസേജുകള്‍ നിയന്ത്രിക്കുന്നതിനായി അടുത്തിടെ വാട്‌സ്ആപ്പ് നടപ്പിലാക്കിയ പുതിയ സുരക്ഷാ സംവിധാനം ഉപയോഗിച്ച് പൊലീസിന് ഇത്തരക്കാരെ അനായാസം കണ്ടെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.