| Sunday, 25th August 2024, 10:51 am

എതിര്‍കക്ഷികള്‍ക്കുള്ള നോട്ടീസുകള്‍ ഇനി ഡിജിറ്റലായും അയക്കാം: ഉപഭോക്തൃ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിയമനടപടികളില്‍ നിന്ന് ഒഴിവാക്കാനായി ബോധപൂര്‍വ്വം ഔദ്യോഗിക നോട്ടീസുകള്‍ കൈപ്പറ്റാത്ത എതിര്‍കക്ഷികള്‍ക്ക് ഡിജിറ്റലായും നോട്ടീസുകള്‍ അയക്കാമെന്ന് ഉപഭോക്തൃ കോടതി ഉത്തരവ്. നോട്ടീസുകള്‍ എതിര്‍കക്ഷികള്‍ കൈപ്പറ്റാതെ മടങ്ങി വരുന്ന സാഹചര്യത്തില്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടെ എല്ലാ ഇലക്ട്രോണിക് മാര്‍ഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതിയുടേതാണ് ഉത്തരവ്.

ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനവുമായുള്ള ഇടപാടില്‍ കബളിപ്പിക്കപ്പെട്ട തൃശ്ശൂര്‍ സ്വദേശി അലീന നെല്‍സന്റെ ഹരജിയിലാണ് ഉത്തരവ്. ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അലീന വ്യാപാര സ്ഥാപനവുമായി ഇടപാട് നടത്തിയത്. ദുപ്പട്ടക്കും കുര്‍ത്തക്കും കൂടി 1400 രൂപ ഗൂഗിള്‍പേ വഴി അയക്കുകയായിരുന്നു. എന്നാല്‍ ഉത്പന്നം കിട്ടിയില്ല.

പരാതിക്കാരി ഓണ്‍ലൈന്‍ സ്ഥാപനവുമായി നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. നേരില്‍ ചെന്ന് പരാതി പരിഹരിക്കാനുള്ള അവസരവും ലഭിച്ചില്ല.

പിന്നാലെ എതിര്‍കക്ഷിയുടെ സേവനത്തിലെ ന്യൂനതയും അധാര്‍മികതയും ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് കോടതി അയച്ച നോട്ടീസ് ആളില്ലെന്ന് രേഖപ്പെടുത്തി തപാല്‍ വകുപ്പ് തിരിച്ചയച്ചതോടെ വാട്‌സ്ആപ്പ് മുഖേന നോട്ടീസ് അയക്കാന്‍ അനുവദിക്കണമെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ കോടതിയുടെ നോട്ടീസ് കൈപ്പറ്റുന്നില്ലെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി എതിര്‍കക്ഷി പലവിധ ന്യായവാദങ്ങളോടുകൂടി ബന്ധപ്പെടുന്നുണ്ടെന്ന് പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. ഈ വാട്‌സ്ആപ്പ് നമ്പറിലൂടെ നോട്ടീസ് അയക്കാനും ഒരാഴ്ചക്കകം ബന്ധപ്പെട്ട കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാനും കോടതി പരാതിക്കാരിയെ അറിയിച്ചിട്ടുണ്ട്.

രജിസ്റ്റേര്‍ഡ് തപാല്‍, കൊറിയര്‍, പത്രപ്പരസ്യം, നോട്ടീസ് പതിക്കല്‍ എന്നിവയേക്കാള്‍ ചെലവ് കുറഞ്ഞതും ഫലപ്രദവുമാണ് ആധുനിക രീതികളെന്ന് വിധി ന്യായത്തില്‍ കോടതി പരാമര്‍ശിച്ചു.

കൊവിഡ് കാലത്ത് നൂതനമാര്‍ഗങ്ങള്‍ കോടതി നിര്‍ദേശിച്ചിരുന്നു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 65ാം വകുപ്പ് പ്രകാരം ഇലക്ട്രോണിക് മാധ്യമം വഴിയും നോട്ടീസ് അയക്കാമെന്ന് നിര്‍ദേശിക്കുന്നുണ്ട്.

ചില ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ സ്ഥിരമായി മേല്‍വിലാസം മാറ്റുന്നത് പതിവാണ്. കൂടാതെ വ്യാജമായ മേല്‍വിലാസം നല്‍കുന്നതും കൃത്യമായ മറുപടികള്‍ നല്‍കാത്തതും വിഷയമാവുന്ന സാഹചര്യത്തില്‍ ആധുനിക മാധ്യമങ്ങളെ നിയമനടപടികള്‍ക്ക ഉപയോഗിക്കുന്നത് ഫലപ്രദമാണെന്നും കോടതി പറയുന്നു.

Content Highlight: notices to opposing parties can now be sent digitally; consumer court

We use cookies to give you the best possible experience. Learn more