കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്. തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് നോട്ടീസ് അയച്ചത്.
വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ “ഈദ് വിത്ത് ഷാഫി ” എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്.
ഇത് സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടീസിൽ പറയുന്നു.
വിഷയത്തിൽ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറഞ്ഞു.
അതിനിടെ, മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു.
അത്തരമൊരു വീഡിയോ ഉണ്ടാകരുതെന്നാണ് താനും ആഗ്രഹിച്ചതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. വൈകിയാണെങ്കിലും അങ്ങനെയൊരു വീഡിയോ ഇല്ലെന്ന് പറഞ്ഞത് സ്വാഗതം ചെയ്യുന്നുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
Content Highlight: Notice to Shafi Parambil on model code of conduct violation complaint