ലഖ്നൗ: കേന്ദ്രമന്ത്രി അമിത് ഷാക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. 2018ല്‍ അമിത് ഷാക്കെതിരെ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി. ജൂലൈ രണ്ടിന് സുല്‍ത്താന്‍പൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.
ഉത്തര്‍പ്രദേശിലെ എം.പി-എം.എല്‍.എ കോടതിയാണ് രാഹുലിന് സമന്‍സ് അയച്ചിരിക്കുന്നത്. ബി.ജെ.പി നേതാവ് വിജയ് മിശ്ര നല്‍കിയ പരാതിയിലാണ് നടപടി. 2024 ഫെബ്രുവരി 20ന് ‘ഭാരത് ജോഡോ ന്യായ്’ യാത്രക്കിടെ രാഹുല്‍ ഗാന്ധി പ്രസ്തുത കേസില്‍ ഹാജരായിരുന്നു. വാദത്തിനൊടുവില്‍ കോടതി അദ്ദേഹത്തിന് ജാമ്യവും നല്‍കിയിരുന്നു. അമേഠിയിലെ ജോഡോ യാത്ര താത്കാലികമായി നിര്‍ത്തിവെച്ചാണ് രാഹുല്‍ ഗാന്ധി ആണ് കോടതിയില്‍ ഹാജരായത്.
Also Read: ഭരണ വിരുദ്ധ വികാരം; കെനിയൻ പാർലമെന്റിന് തീയിട്ട് ജനങ്ങൾ
2018 ഓഗസ്റ്റ് നാലിന്, രാഹുല്‍ ഗാന്ധി ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരായാണ് പരാതി. ഒരു കൊലപാതക കേസില്‍ പ്രതിയായ ഒരു വ്യക്തി പാര്‍ട്ടി അധ്യക്ഷനായി ഉള്ളപ്പോള്‍, സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നതായി ബി.ജെ.പി അവകാശപ്പെടുന്നതില്‍ എന്ത് പ്രാധാന്യം എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. 2018ല്‍ അമിത് ഷാ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരുന്നു. തുടര്‍ന്നാണ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുന്നത്.
2005ലെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍, 2014ല്‍ അമിത് ഷായെ മുംബൈയിലെ പ്രത്യേക സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ) കോടതി വെറുതെവിട്ടിരുന്നു. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ അമിത് ഷാ ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയായിരുന്നു.
Content Highlight: Notice to Rahul Gandhi for making objectionable remarks against Union Minister Amit Shah