|

കേരളത്തെ അപമാനിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് കാരണം കാണിക്കല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

organiser

ന്യൂദല്‍ഹി: ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന് കാരണം കാണിക്കല്‍ നോട്ടീസ്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകനായ പി നിതീഷ് നല്‍കിയ പരാതിയില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കേരള ഗോഡ്‌സ് ഓണ്‍ കണ്‍ട്രി ഓര്‍ ഗോഡ്‌ലെസ് കണ്‍ട്രി എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നത്.

മുംബൈയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി അഭിഭാഷകനായ എം. സുരേന്ദ്രനാഥന്‍ എന്നൊരാളാണ് ലേഖനം എഴുതിയത്. ദളിത് ഭവനങ്ങളില്‍ സ്ഥിരം സന്ദര്‍ശനം നടത്തി ബീഫ് കഴിച്ച ഇ.എം.എസ് ആണ് കേരളത്തില്‍ ബീഫ് ശീലമാക്കിയത്. 50ലേറെ വര്‍ഷത്തെ കമ്മ്യൂണിസം കേരളത്തിലെ ഹിന്ദുക്കള്‍ക്കിടയില്‍ ദൈവമില്ലെന്ന പൊതുധാരണ സൃഷ്ടിച്ചെന്നും ഇസ്‌ലാമിക മൗലികവാദത്തിന്റെ ഫലഭൂയിഷ്ട നിലമായി കേരളം മാറിയെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു.

സൗദി അറേബ്യയും പാകിസ്ഥാനും സാമ്പത്തികമായും ആശയപരമായും പിന്തുണക്കുന്ന ഇസ്‌ലാമിക മൗലികവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായാണ് ഇപ്പോള്‍ കേരളം കണക്കാക്കപ്പെടുന്നതെന്നും കേരള ഹൗസില്‍ സ്ഥിരമായി ബീഫ് വിളമ്പുന്നുണ്ടെന്നും മലപ്പുറം ജില്ല സൗദി അറേബ്യയുടെ ചെറുപതിപ്പാണെന്നും ലേഖനത്തില്‍ ആരോപിച്ചിരുന്നു.

ഓഗര്‍ഗനൈസര്‍ ലേഖനത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.