കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വിവാദ പ്രസംഗം നടത്തിയ മതപ്രഭാഷകന്‍ നൗഷാദ് ബാഖവിക്ക് കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സംഘടനയുടെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് നോട്ടീസയച്ചിരിക്കുന്നത്.
“മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവന പരേതനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്തായിരുന്നുവെങ്കില്‍ കോടിയേരിയുടെ തല മലബാറിന്റെ മണ്ണില്‍ കിടന്ന് ഉരുളുമായിരുന്നുവെന്നായിരുന്നു” നൗഷാദ് ബാഖവി പറഞ്ഞിരുന്നത്.
സമസ്തയുടെ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി കൂടിയായ മതപ്രഭാഷകനില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടായ സാഹചര്യത്തിലാണ് പ്രസംഗത്തിന് വിശദീകരണം തേടിയത്.
“കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്താണെങ്കില്‍ അദ്ദേഹത്തോടുപോലും അനുവാദം ചോദിക്കാതെ അബൂഹുദൈദിത്തുല്‍ ജറാദിന്റെ ചരിത്രം പറഞ്ഞതുപോലെ സ്വന്തം ബാപ്പയാണെങ്കിലും തല മലബാറിന്റെ മണ്ണില്‍ കിടന്നുരുണ്ടുപോകുമായിരുന്നു. പക്ഷേ ഇപ്പോഴത്തെ മക്കള്‍ക്ക് തങ്ങള്‍മാരോട് മതിപ്പുകുറഞ്ഞുപോയിരിക്കുന്നു”” എന്നായിരുന്നു നൗഷാദ് ബാഖവിയുടെ വിവാദ പരാമര്‍ശം.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബി.ജെ.പി ഉപയോഗിക്കുന്നതും മുസ്ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പളളികളില്‍ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്ലിം ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമായിരുന്നു കോടിയേരി പറഞ്ഞിരുന്നത്.