| Wednesday, 24th July 2019, 9:07 am

ഹൈക്കോടതി ജഡ്ജിക്കെതിരെ മാധ്യമങ്ങള്‍ക്ക് കത്ത്; കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മൂന്നാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ നോട്ടീസ്. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമങ്ങള്‍ക്ക്കത്തെഴുതിയത് കോടതി അലക്ഷ്യമാണെന്നാണ് ഹര്‍ജി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി അഡ്വ. എസ് അശ്വകുമാര്‍ ഹര്‍ജി നല്‍കിയത്.

ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൂന്നാഴ്ചയ്ക്കകം ചിറ്റിലപ്പിള്ളി വിശദീകരണം നല്‍കണം.

വീഗാലാന്‍ഡില്‍ വീണ് പരിക്കേറ്റതിന്, കോട്ടപ്പുറം സ്വദേശി വിജേഷ് നഷ്ടപരിഹാരത്തിന് 2007ല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അപകടം നടന്നിട്ട് വര്‍ഷങ്ങളായിട്ടും നഷ്ടപരിഹാരം നല്‍കാത്തതിന് ചിറ്റിലപ്പിള്ളിയെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. ഇവ വാര്‍ത്തയായി. തുടര്‍ന്ന് ജഡ്ജിക്കെതിരെ ആരോപണങ്ങളുമായി ചിറ്റിലപ്പിള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതി. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്കും നല്‍കുകയായിരുന്നു.

ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വണ്ടര്‍ ലാ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡില്‍ നിന്നും വീണ് പരുക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന് നഷ്ടപരിഹാരം വൈകുന്നുവെന്ന പരാതിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചിറ്റിലപ്പള്ളിയെ വിമര്‍ശിച്ചിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരായ പരാമര്‍ശം മാനഹാനി ഉണ്ടാക്കിയെന്ന് കാണിച്ചാണ് ചിറ്റിലപ്പള്ളി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത്.

We use cookies to give you the best possible experience. Learn more