കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപിന് നോട്ടീസ്. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച്ച ദിലീപ് ഹാജരാകണം. കേസില്‍ തുടരന്വേഷണം നടത്തുന്ന പ്രത്യേക സംഘമാണ് ദിലീപിന് നോട്ടീസ് അയച്ചത്.
ഈ മാസം 24ന് ഹാജരാകാനാണ് അന്വേഷണസംഘം ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം 24ന് സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്രയുണ്ടെന്നും അതിനാല്‍ മറ്റൊരു ദിവസം നല്‍കണമെന്നും ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെയാണ് 28ന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിര്‍ണായകമായ പലവിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
ഏപ്രില്‍ 15 വരെയാണ് കേസില്‍ തുടരന്വേഷണം നടത്തുന്നതിന് ഹൈക്കോടതി അനുവദിച്ച സമയം. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബാഞ്ച് വിചാരണക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.
അതേസമയം, ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കിയ സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുണ്ട്. സായ് ശങ്കര്‍ നിലവില്‍ പ്രതിയല്ലെന്നും മൊഴി നല്‍കാന്‍ വിളിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമുള്ള പ്രോസിക്യൂഷന്‍ നിലപാടിനെ തുടര്‍ന്നാണ് നടപടി.
അന്വേഷണ സംഘത്തിന് മുന്നില്‍ ഏഴ് ദിവസത്തിനകം ഹാജരാകാമെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിട്ടുണ്ട്. പൊലീസ് പീഡനമാരോപിച്ച് സായ് ശങ്കര്‍ നല്‍കിയ മറ്റൊരു ഹരജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദീലീപിന്റെ ഹരജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
Content Highlights: Notice to Dileep to appear for questioning