ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഹരജികളില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജനുവരി പകുതിയോടെ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം.
ഇന്ന് ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടില്ല. ഹരജികളിലുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞത്.
ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ 60 ഹരജികളിലും കേന്ദ്രസര്‍ക്കാരിന്റെ മറുപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമത്തില്‍ അപൂര്‍വ സാഹചര്യത്തില്‍ മാത്രമാണ് സുപ്രീം കോടതി സ്‌റ്റേ നല്‍കാറ്. മൗലികാവകാശം ഹനിക്കുന്നു എന്ന അവസരത്തില്‍ മാത്രമാണ് ഇത്തരത്തില്‍ സ്റ്റേ നല്‍കിയ കീഴ്‌വഴക്കം ഉള്ളത്.
ഹരജിയില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ല. കേന്ദ്രത്തിന്റെ വിശദമായ പ്രതികരണം കിട്ടേണ്ടതുണ്ട്. അതിന് ശേഷം ഇത് കേള്‍ക്കാം- എന്നാണ് ബോബ്‌ഡെ പറഞ്ഞത്. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ന് കേസില്‍ വാദം കേള്‍ക്കാനായി സുപ്രീം കോടതിയില്‍ എത്തിയിരുന്നു.
നിയമത്തിന് സ്റ്റേ ഏര്‍പ്പെടുത്തരുതെന്ന് അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. പല അഭിഭാഷകരും അവരവരുടെ വാദത്തിനായി ഇന്ന് ശ്രമിച്ചിരുന്നു. 60 ഹരജികളിലും അഭിഭാഷകര്‍ വാദം ഉന്നയിച്ചിരുന്നു.
എന്നാല്‍ 60 ഹരജികള്‍ ഉണ്ടെന്നും ഇതില്‍ സുപ്രീം കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നിലപാടെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്.
അറുപതോളം ഹരജികളാണ് സുപ്രീംകോടതിയില്‍ പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹരജി നല്‍കിയിട്ടുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, കേരള മുസ്ലിം ജമാഅത്ത് (കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍), ജയ്‌റാം രമേഷ്, രമേശ് ചെന്നിത്തല, ടി.എന്‍. പ്രതാപന്‍(കോണ്‍ഗ്രസ്) ഡി.വൈ.എഫ്.ഐ., ലോക് താന്ത്രിക് യുവജനതാദള്‍, എസ്.ഡി.പി.ഐ., ഡി.എം.കെ., അസദുദ്ദീന്‍ ഒവൈസി (എ.ഐ.എം.ഐ.എം) തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, പ്രൊഫ. മനോജ് കുമാര്‍ ഝാ (ആര്‍.ജെ.ഡി.), മഹുവ മോയിത്ര (തൃണമൂല്‍ കോണ്‍ഗ്രസ്), അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം ഗണപരിഷത്, അസം അഭിഭാഷക അസോസിയേഷന്‍, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ജമിയത് ഉലമ ഇ ഹിന്ദ് , മുസ്ലിം അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരാണ് ഹരജിക്കാര്‍.