| Tuesday, 26th April 2022, 4:27 pm

1.87 കോടിയുടെ നികുതിയടക്കുന്നതില്‍ വീഴ്ചവരുത്തി; ഇളയരാജയ്ക്ക് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ ഇളയരാജയ്ക്ക് ജി.എസ്.ടി വകുപ്പിന്റെ നോട്ടീസ്.
2013- 2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ പേരില്‍ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.

ഫെബ്രുവരി 28നായിരുന്നു ഇളരാജയ്ക്ക് ആദ്യമായി സമന്‍സ് ലഭിച്ചത്. മാര്‍ച്ച് 10-ന് നേരിട്ട് ഹാജരാകാനും നികുതി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനുമായിരുന്നു സമന്‍സിലെ നിര്‍ദേശം.

എന്നാല്‍, ഇളയരാജ ഹാജരായില്ല. ഇതോടെ മാര്‍ച്ച് 21ന് വീണ്ടും സമന്‍സ് നല്‍കുകയായിരുന്നു. മാര്‍ച്ച് 28-ന് ഹാജരാകാനായിരുന്നു നിര്‍ദേശമെങ്കിലും ഇളയരാജ ഹാജരായില്ല.

അതേസമയം, സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ഭാരതരത്ന നല്‍കണമെന്നും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നുമുള്ള ആവശ്യവുമായി ബി.ജെ.പി തമിഴ്നാട് ഘടകം രംഗത്തെത്തിയിരുന്നു.

ഡോ. ബി.ആര്‍. അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈയുടെ പ്രതികരണം.

ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ‘അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമന്‍സ് ഇംപ്ലിമെന്റേഷന്‍’ എന്ന പുസ്തകത്തിലെ ആമുഖത്തിലാണ് ഇളയരാജ മോദിയേയും അംബേദ്കറേയും താരതമ്യം ചെയ്യുന്നത്.

സമൂഹത്തില്‍ അധഃസ്ഥിതവിഭാഗങ്ങളില്‍ നിന്ന് പ്രതിസന്ധികളോട് പോരാടിയാണ് മോദിയും അംബേദ്കറും വിജയിച്ചുവന്നത്. അടിച്ചമര്‍ത്തുന്ന സാമൂഹ്യ വ്യവസ്ഥയും പട്ടിണിയും ഇരുവരും നേരിട്ടിട്ടുണ്ട്. അവയെ ഇല്ലാതാക്കാന്‍ ഇരുവരും പ്രവൃത്തിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നു

മോദിയും അംബേദ്ക്കറും ഇന്ത്യക്ക് വേണ്ടി സ്വപ്നം കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നുവെന്നും ഇളയരാജ പറഞ്ഞിരുന്നു.

Content Highlights: Notice of GST Department to Ilayaraja

We use cookies to give you the best possible experience. Learn more