തൊടുപുഴ: വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടിസ് നല്‍കി. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മണി ഹാജരായിരുന്നില്ല. അഭിഭാഷകരെ വിട്ട് തന്റെ ഭാഗം വിശദീകരിക്കുക മാത്രമാണ് ചെയ്തത്. തുടര്‍ന്നാണ് കേസെടുത്ത നടപടിക്കെതിരേ മണി ഹൈക്കോടതിയെ സമീപിച്ചത്.
രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് മണി നടത്തിയ വിവാദ പ്രസംഗം ജനാധിപത്യത്തിന്റെ മരണമണിയാണെന്നായിരുന്നു ഹൈക്കോടതിയുടെ ഇന്നലത്തെ പരാമര്‍ശം. വിവാദ പ്രസംഗത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്. മണിയുടെ ഹരജി കോടതി തള്ളി. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ നടപടി. മണിയുടെ കുഞ്ചിത്തണ്ണിയിലുള്ള വീട്ടിലെത്തിയാണ് നോട്ടിസ് നല്‍കിയത്.