കൊച്ചി: ഓപ്പറേഷന്‍ ലോട്ടസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിന് നോട്ടീസ്. ഈ മാസം 21ന് ഹൈദരാബാദില്‍ പ്രത്യേക അന്വേഷണ സംഘം മുമ്പാകെ തുഷാര്‍ ഹാജരാകണം.
നല്‍ഗൊണ്ട എസ്.പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി നോട്ടീസ് കൈമാറി. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.
അതേസമയം, തെലങ്കാന ഭരണകക്ഷിയായ ടി.ആര്‍.എസ് എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസില്‍ കേരളത്തില്‍ തെലങ്കാന പൊലീസിന്റെ പരിശോധന തുടരുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിക്ക് കേസില്‍ എത്രത്തോളം ബന്ധമുണ്ടെന്ന് വിശദമായി തന്നെ അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
സംസ്ഥാനത്ത് എത്തിയ അന്വേഷണ സംഘം രണ്ട് സംഘങ്ങളായി കൊച്ചിയിലും കൊല്ലത്തും തുടരുകയാണ്. നല്‍ഗോണ്ട ജില്ലാ പൊലീസ് മേധാവി രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് അന്വേഷണ സംഘമാണ് കേരളത്തില്‍ ക്യാമ്പ് ചെയ്യുന്നത്.
ഇന്നലെയും ഇന്നുമായി തെലങ്കാന പൊലീസ് സംഘം നടത്തിയ റെയ്ഡില്‍ ലാപ്‌ടോപ്, മൊബൈല്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഓപ്പറേഷന്‍ ലോട്ടസുമായി ബന്ധപ്പെട്ട നിര്‍ണായക നീക്കങ്ങള്‍ അന്വേഷണ സംഘം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസിലെ മുഖ്യപ്രതി സതീഷ് ശര്‍മയെന്ന രാമചന്ദ്രഭാരതിയാണ്. ഇയാള്‍ കാസര്‍ഗോഡുകാരനായ മലയാളിയാണ്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാള്‍ ദല്‍ഹിയും ഉത്തര്‍പ്രദേശും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ജഗ്ഗുസ്വാമി എന്നയാള്‍ രാമചന്ദ്രഭാരതിയുടെ അടുത്ത സുഹൃത്താണ്. ഇയാള്‍ കേസിലെ ഇടനിലക്കാരനാണെന്നാണ് വിവരം. ഇയാളെ അന്വേഷിച്ചാണ് തെലങ്കാന പോലീസിന്റെ അന്വേഷണസംഘം കേരളത്തില്‍ എത്തിയത്.
എന്നാല്‍, പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയതിന് പിന്നാലെ ജഗ്ഗുസ്വാമി ഒളിവില്‍ പോയിരുന്നു. ഇയാളെ കണ്ടെത്താനാണ് കൊല്ലത്തും കൊച്ചിയിലും പരിശോധന നടത്തിയത്. ജഗ്ഗുസ്വാമിയുമായി പരിചയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ലെന്നുമാണ് അന്വേഷണ സംഘം അറിയിച്ചത്.
അതേസമയം, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു നേരിട്ടാണ് വാര്‍ത്താസമ്മേളനത്തിലൂടെ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ മൂന്നിന് അപ്രതീക്ഷിത പത്രസമ്മേളനം വിളിച്ചാണ് തെലങ്കാന മുഖ്യമന്ത്രി തുഷാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തെലങ്കാനയിലെ ‘ഓപ്പറേഷന്‍ ലോട്ടസിന്’ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു കെ.സി.ആറിന്റെ പ്രധാന ആരോപണം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച വ്യക്തിയാണ് തുഷാര്‍ വെള്ളാപ്പള്ളിയെന്നും തുഷാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം ഇരിക്കുന്ന ചിത്രവും കെ.സി.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു. തെലങ്കാന, ആന്ധ്രാപ്രദേശ്, ദല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. തുഷാര്‍ അമിത് ഷായുടെ നോമിനിയാണെന്നും കെ.സി.ആര്‍ പറഞ്ഞു. എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളും കെ.സി.ആര്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍, കെ.സി.ആറിന്റെ ആരോപണം നിഷേധിച്ച് തുഷാര്‍ വെള്ളാപ്പള്ളി ആദ്യം തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തെലങ്കാന രാഷ്ട്രീയ സമിതി തുഷാറിന്റേതെന്ന് ആരോപിക്കുന്ന ഫോണ്‍ സംഭാഷണവും, വീഡിയോയും പുറത്തുവിടുകയായിരുന്നു.
‘ഭാരതീയ രാഷ്ട്ര സമിതി’ എന്ന പേരില്‍ പുതിയ ദേശീയ പാര്‍ട്ടി പ്രഖ്യാപിച്ച കെ.സി.ആര്‍ ബി.ജെ.പിക്കെതിരായ സംഭവം പ്രതിപക്ഷ പാര്‍ട്ടികളെ മുന്‍നിര്‍ത്തിക്കൊണ്ട് രാജ്യവ്യാപക ക്യാമ്പയിന്‍ ആക്കി മാറ്റി നിയമപരമായി മുമ്പോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.
എന്‍.ഡി.എയുടെ സഖ്യകക്ഷിയുമായ ഭാരത് ധര്‍മ ജനസേനയുടെ (ബി.ഡി.ജെ.എസ്) നിലവിലെ പ്രസിഡന്റാണ് തുഷാര്‍. കേരളത്തിലെ എന്‍.ഡി.എയുടെ സംസ്ഥാന കണ്‍വീനറുമാണ് തുഷാര്‍.
2022 ഒക്ടോബര്‍ 22നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. നാല് ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പിയില്‍ ചേരാന്‍ 100 കോടി രൂപ വാഗ്ദാനം നല്‍കിയെന്നതാണ് കേസ്. മൂന്നു പേരെ സംഭവസ്ഥലത്ത് വെച്ച് തന്നെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് സ്വദേശിയായ പുരോഹിതന്‍ സതീഷ് ശര്‍മ്മ എന്ന രാമചന്ദ്രഭാരതി, കര്‍ണാടകയിലെ പുട്ടൂരിലെ സ്വാമി സിംഹയാജി, ഹൈദരാബാദിലെ വ്യവസായി നന്ദകുമാര്‍ കോര്‍ എന്നിവരാണ് അറസ്റ്റിലായത്.