സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കും; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്
Kerala News
സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കും; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 10:04 am

തിരുവനന്തപുരം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്. സന്യാസസമൂഹത്തില്‍നിന്ന് പുറത്താക്കുമെന്നാണ് മുന്നറിയിപ്പ്.

മുന്‍പത്തെ നോട്ടിസിനുള്ള മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് മദര്‍ സുപ്പീരിയര്‍ ജനറല്‍ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.

അടുത്തമാസം 20നകം തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തെ സിസ്റ്റര്‍ ലൂസി പിന്തുണച്ചിരുന്നു.

കാനോനിക നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാന്‍ മതിയായ വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് നേരത്തേയും ലൂസിയ്ക്കു നോട്ടീസ് ലഭിച്ചിരുന്നു.


ആദില്‍ അഹ്മദ് ദറിനെപ്പോലെയുള്ള കശ്മീരി യുവാക്കള്‍ എന്തുകൊണ്ട് തീവ്രവാദികളാകുന്നുവെന്നതും പ്രധാനപ്പെട്ടതാണെന്ന് പ്രശാന്ത് ഭൂഷണ്‍


കൊച്ചിയില്‍ കന്യാസ്ത്രീകള്‍ സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്തതോടെയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സഭയ്ക്ക് അനഭിമതയായത്. ഇതേ തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരി 9ന് ഹാജരാകാന്‍ ഫ്രാന്‍സിസ്‌കന്‍ ക്‌ളാരിസ്റ്റ് കോണ്‍ഗ്രഗേഷന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ് നോട്ടീസ് നല്‍കിയിരുന്നു.

ബിഷപ്പിന് എതിരെ സമരം നടത്തിയതും മാദ്ധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറഞ്ഞതും ഉള്‍പ്പെടെ 13 കാരണങ്ങളായിരുന്നു നോട്ടീസില്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.

അദ്ധ്യാപിക കൂടിയായ സിസ്റ്റര്‍ ലൂസി ലൂസി കളപ്പുരയ്ക്കല്‍ നിലവില്‍ വയനാട് മാനന്തവാടി കാരയ്ക്കാമല വിമല ഹോം അംഗമാണ്. സഭാ നിയമങ്ങള്‍ ലംഘിച്ച് സിസ്റ്റര്‍ ലൂസി അനുസരണക്കേടോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഡ്രൈവിംഗ് ലൈസന്‍സ് എടുത്തതിനും കാര്‍ വാങ്ങിയതിനും പുസ്തകം പ്രസിദ്ധീകരിച്ചതിനും സഭയുടെ അനുമതിയില്ലെന്ന് പഴയ നോട്ടീസിലും വലിയ കുറ്റമായി പറയുന്നുണ്ട്.