| Wednesday, 27th June 2012, 2:34 pm

ടി.പി വധം: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെ.കെ രാഗേഷിന് നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര:ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം സംസ്ഥാന സമിതിയംഗം കെ.കെ രാഗേഷിന് നോട്ടീസ്. ടി.പി ചന്ദ്രശേഖരന്‍ വധത്തിന്റെ ബുദ്ധികേന്ദ്രമെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ച സി.പി.ഐ.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് രാഗേഷിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്.  കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നോട്ടീസ് നല്‍കിയത്.

ഇന്നു രാവിലെ 10 മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. എന്നാല്‍ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് രാഗേഷ് അന്വേഷണ സംഘത്തെ അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം താനിപ്പോള്‍ വിശ്രമത്തിലാണെന്നും അടുത്ത 20 ദിവസത്തിനുള്ളില്‍ ഹാജരാകാമെന്നും രാഗേഷ് അന്വേഷണ സംഘത്തിനയച്ച മറുപടിയില്‍ വ്യക്തമാക്കുന്നു. കൊറിയര്‍ വഴിയാണ് രാഗേഷ്  മറുപടി അറിയിച്ചത്.

കേസുമായി ബന്ധപ്പെട്ട് ഇതാദ്യമായിട്ടാണ് പാര്‍ട്ടിയുടെ സംസ്ഥാന സമിതിയംഗത്തിന് അന്വേഷണ സംഘം നോട്ടീസ് നല്‍കുന്നത്. കുഞ്ഞനന്തനെ ഒളിപ്പിക്കാന്‍ രാഗേഷ് നിര്‍ദേശം നല്‍കിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്.

കുഞ്ഞനന്തനെ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്സരിന്‍ ശശിയെ കഴിഞ്ഞദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നാണ് രാഗേഷിന്റെ പങ്ക് വ്യക്തമായത്. ഇതേ തുടര്‍ന്നാണ് രാഗേഷിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

ടി.പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുഞ്ഞനന്തന്‍ ഒരുമാസക്കാലം ഒളിവില്‍ കഴിഞ്ഞിരുന്നു. ബാംഗ്ലൂര്‍, ബല്‍ഗാം, പൂനെ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ കുഞ്ഞനന്തന്‍ പിന്നീട് കണ്ണൂരില്‍ തിരിച്ചെത്തുകയും സി.പി.ഐ.എമ്മുകാരുടെ സംരക്ഷണത്തില്‍ പലയിടങ്ങളില്‍ ഒളിവില്‍ കഴിയുകയും ചെയ്തിരുന്നു. കുഞ്ഞനന്തന്‍ വടകര കോടതിയില്‍ കീഴടങ്ങിയതിനുശേഷം അദ്ദേഹത്തെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കണ്ണൂര്‍ ജില്ലയിലെ സി.പി.ഐ.എം നേതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സി.പി.ഐ.എം പാനൂര്‍ ഏരിയ സെക്രട്ടറി കെ.കെ പവിത്രനെയും ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more