national news
'പടക്കം പൊട്ടിച്ചതില്‍ എന്താണിത്ര തെറ്റ്, ആളുകൾ സന്തോഷം പ്രകടിപ്പിച്ചതാണ് '; ദീപം തെളിയിക്കലിന്റെ പേരില്‍ പടക്കം പൊട്ടിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 07, 04:19 am
Tuesday, 7th April 2020, 9:49 am

ഹൗറ: ഐക്യ ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന്റെ പേരില്‍ ലോക് ഡൗണ്‍ ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ച സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നു വരുന്നതിനിടെ സംഭവത്തെ ന്യായീകരിച്ച് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്.

പടക്കങ്ങള്‍ പൊട്ടിച്ചതില്‍ തെറ്റില്ലെന്നും സന്തോഷപ്രകടനത്തിന്റെ ഭാഗം മാത്രമായി സംഭവത്തെ കണ്ടാല്‍മതി എന്നുമാണ് ഘോഷ് പ്രതികരിച്ചത്.

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് നിരവധി പേര്‍ പുറത്തിറങ്ങി പടക്കള്‍ പൊട്ടിച്ചിരുന്നു.

പടക്കള്‍ പൊട്ടിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ ബില്‍ഡിംഗിന് തീപിടിക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ ലോക് ഡൗണ്‍ ലംഘിച്ചതിന് 98 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍, കൊവിഡ് 19നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ കാരണം ആളുകള്‍ വളരെ പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരും അവരോട് പടക്കങ്ങള്‍ കത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവരങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് അത്രമാത്രം തെറ്റുള്ളതെന്നും ഘോഷ് ചോദിച്ചു.

പടക്കം പൊട്ടിച്ച സംഭവത്തെ വലിയ പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടേണ്ടെന്നും ആളുകള്‍ അവരുടെ സന്തോഷം പ്രകടിപ്പിച്ചതായി കണക്കാക്കിയാല്‍ മതിയെന്നുമാണ് ബി.ജെ.പി നേതാവിന്റെ വാദം.

ഏപ്രില്‍ അഞ്ചിന് രാത്രി 9 മണിയ്ക്ക് രാജ്യത്തെ 130 കോടി ജനങ്ങള്‍ ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും വീട്ടിലെ വൈദ്യുതി അണച്ചായിരിക്കണം ഇത് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.

ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ കത്തിച്ച് ഒമ്പത് മിനിറ്റ് ഉയര്‍ത്തണം. കൊവിഡ് ഭീഷണിയുടെ ഇരുട്ട് മായ്ക്കണം. ആരും ഒറ്റക്കല്ല എന്ന സന്ദേശം ഇത് വഴി നല്‍കണമെന്നും മോദി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ