| Sunday, 1st January 2023, 11:53 am

എന്നെ പിന്തുണക്കുന്നവരില്ലായിരുന്നെങ്കിൽ എനിക്ക് ഒന്നും സാധ്യമാവില്ലായിരുന്നു,നന്ദി; വൈകാരികമായ പുതുവത്സര സന്ദേശം പങ്കുവെച്ച് മെസി

സ്പോര്‍ട്സ് ഡെസ്‌ക്

2022 അവസാനിക്കുമ്പോൾ ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ച വലിയ കാഴ്ചയാണ് സാക്ഷാൽ മെസിയുടെ ലോകകപ്പ് കിരീട നേട്ടം.

1986ന് ശേഷം അർജന്റീനയിലേക്ക് ലോകകപ്പ് എത്തിച്ച മെസി പ്രധാനപ്പെട്ട ക്ലബ്ബ്, രാജ്യാന്തര ട്രോഫികൾ എല്ലാം സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കിയിരിക്കുകയാണ്.

കിരീടങ്ങൾ ഇല്ലാത്ത രാജാവ് എന്ന പരിഹാസങ്ങളിൽ നിന്നും കോപ്പാ അമേരിക്ക, ഫൈനലിസിമ, ലോകകപ്പ് എന്നീ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കിയാണ് മെസി തന്റെ ആധിപത്യം ഫുട്ബോൾ ലോകത്ത് ഉറപ്പിച്ചിരിക്കുന്നത്.

ലോകകപ്പ് കിരീടം നേടിയതോടെ മിശിഹയുടെ താര പരിവേഷം അർജന്റീനയിലും ലോകമെമ്പാടുമുള്ള മെസി ആരാധകർക്കിടയിലും വലിയ തോതിൽ വർധിച്ചിരിക്കുകയാണ്.

അടുത്തിടെ നടന്ന ഒരു അഭിപ്രായ സർവെയിൽ മെസിയെ അർജന്റീനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനെ അനുകൂലിച്ച് വലിയൊരു വിഭാഗം അർജന്റീനക്കാർ വോട്ട് രേഖപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.

എന്നാൽ 2023ലെ പുതുവത്സര സന്ദേശം ആരാധകർക്കായി പുറത്ത് വീട്ടിരിക്കുകയാണ് മെസിയിപ്പോൾ.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ആരാധകർക്ക് സന്ദേശം നൽകിയത്.

“എനിക്ക് മറക്കാൻ ആകാത്ത ഒരു വർഷം, ഞാൻ നിരന്തരം കണ്ടിരുന്ന സ്വപ്നം ഒടുവിൽ യാഥാർഥ്യമായിരിക്കുന്നു.എന്നെ പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ നന്ദി അറിയിക്കുന്നു. പിന്നീട് എനിക്ക് ഏറ്റവും നന്ദിയുള്ളത് എന്നെ പിന്തുണയ്ക്കുന്ന ആരാധകരോടാണ്.

നിങ്ങളുടെ സ്നേഹവും പിന്തുണയും പ്രോത്സാഹനവുമില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാവില്ലായിരുന്നു. എല്ലാവർക്കും ഈ പുതുവർഷം ഏറ്റവും നല്ലൊരു വർഷമായിരിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഏവർക്കും സന്തോഷത്തോടെ മുന്നോട്ട് പോകാൻ കഴിയട്ടെ,’ മെസി കുറിച്ചു.

അതേസമയം തന്റെ ക്ലബ്ബായ പി.എസ്.ജിയിലേക്ക് താരം ഇത് വരെ എത്തിച്ചേർന്നിട്ടില്ല. സ്ട്രാസ്ബർഗിനെതിരെയുള്ള ആദ്യ മത്സരം കളിക്കാൻ സാധിക്കാത്തിരുന്ന മെസി ലെൻസിനെതിരെയുള്ള അടുത്ത മത്സരത്തിലും കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

സ്ട്രാസ്ബർഗിനെതിരെ ചുവപ്പ് കാർഡ് വാങ്ങിയ നെയ്മർക്കും ലെൻസിനെതിരെയുള്ള മത്സരം നഷ്ടമാകും.

Content Highlights:Nothing would have been possible without my supporters, thank you; Messi Shares Emotional New Year’s Message

We use cookies to give you the best possible experience. Learn more