കോഴിക്കോട്: ഏറെ കാലം നീണ്ടു നിന്ന കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളേജസും സമസ്തയും തമ്മിലുള്ള തര്‍ക്കത്തിന് വിരാമമാകുന്നു. വാഫി വാഫിയ്യ കോഴ്‌സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമസ്ത മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സി.ഐ.സി സെനറ്റ് പൂര്‍ണമായി അംഗീകരിച്ചതോടെയാണ് ഭിന്നതകള്‍ക്ക് പരിഹാരമായത്. സെനറ്റിന്റെ തീരുമാനം ഉടന്‍ തന്നെ ചേരുന്ന സമസ്ത യോഗം ചര്‍ച്ച ചെയ്യുകയും ചെയ്യും.
മുസ്‌ലിം ലീഗ് നേതാക്കളുടെ മധ്യസ്ഥതയില്‍ പല തവണ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് ഇപ്പോള്‍ തര്‍ക്കത്തിന് അവസാനമായിരിക്കുന്നത്. വാഫി, വാഫിയ സംവിധാനം പൂര്‍ണമായും സമസ്തയുടെ ഉപദേശ, നിയന്ത്രണങ്ങള്‍ക്കനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക എന്നതുള്‍പ്പടെയുള്ള നിര്‍ണായക നിര്‍ദേശങ്ങളാണ് സമസ്ത മുന്നോട്ടുവെച്ചത്. തര്‍ക്കത്തിന് അന്ത്യമായതോടെ സി.ഐ.സി ഭരണ സമിതിയിലേക്ക് സമസ്തയുടെ നോമിനികളെ ഉടന്‍ ചേരാനിരിക്കുന്ന സമസ്ത മുഷാവറ യോഗത്തില്‍ തീരുമാനിക്കും.
സമസ്തയുമായി ചേര്‍ന്ന് നില്‍ക്കുന്ന വിവിധ ഇസ്‌ലാമിക് കോളേജുകളുടെ കൂട്ടായ്മയാണ് സി.ഐ.സി. സംഘടന സമസ്തക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്നു എന്ന് വിമര്‍ശനം വന്നതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് സി.ഐ.സി ജനറല്‍ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്തയില്‍ നിന്ന് പുറത്താക്കിക്കൊണ്ട് കടുത്ത നടപടിയുമുണ്ടായി.
സമസ്തയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സി.ഐ.സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഹക്കീം ഫൈസി ആദൃശ്ശേരിയെ മാറ്റി നിര്‍ത്തുകയും പകരം ഹബീബുള്ള ഫൈസിയെ നിയോഗിക്കുകയും ചെയ്തു. പിന്നീട് സി.ഐ.സി പ്രസിഡന്റായ സാദിക്കലി തങ്ങള്‍ തീരുമാനങ്ങള്‍ സമസ്തയെ അറിയിച്ചെങ്കിലും സമസ്തയെ പരോക്ഷമായി കുറ്റപ്പെടുത്തി എന്ന് പറഞ്ഞു സമസ്ത നേതാക്കള്‍ സാദിഖലി തങ്ങളുടെ തീരുമാനങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.
സാദിഖലി തങ്ങളെ കൂടി സമസ്ത നേതാക്കള്‍ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ മുസ്‌ലിം ലീഗുമായുള്ള ബന്ധത്തെയും ഇത് ബാധിച്ചു. പിന്നീട് പല തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ സി.ഐ.സി സെനറ്റ് യോഗം ചേര്‍ന്ന് സമസ്തയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുകയും തര്‍ക്കത്തിന് പരിഹാരമാകുകയും ചെയ്തത്.
സി.ഐ.സിയുടെ കീഴിലുള്ള കോളേജുകളിലെ വാഫി, വാഫിയ കോഴ്‌സുകള്‍ സമസ്ത നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് സമസ്ത മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. അക്കാദമിക കാര്യങ്ങളിലും സമസ്തയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും അതിനായി സമസ്ത നിയോഗിക്കുന്ന സമിതിയുമായി സി.ഐ.സി സ്ഥാപനങ്ങള്‍ സഹകരിക്കുകയും വേണമെന്നും സമസ്ത മുന്നോട്ടുവെച്ച തര്‍ക്ക പരിഹാര നിര്‍ദേശങ്ങളില്‍ പറയുന്നു.
ഏറ്റവും ഒടുവിലായി സമസ്തയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായതൊന്നും സി.ഐ.സിയുടെ ഭരണഘടനയില്‍ പാടില്ലെന്നും സമസ്ത മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലുണ്ട്.
content highlights: Nothing should be contrary to the ideas of Samasta; Samasta-CIC dispute ends