| Thursday, 2nd November 2023, 5:31 pm

ഇന്ത്യാ സഖ്യത്തില്‍ കാര്യമായി ഒന്നും നടക്കുന്നില്ല: നിതീഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കോണ്‍ഗ്രസിന് താത്പര്യം ഇല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇന്ത്യ സഖ്യത്തിനെക്കാള്‍ കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നത് തെരഞ്ഞെടുപ്പ് വിജയത്തിനാണെന്ന് നിതീഷ് കുമാര്‍ വിമര്‍ശിച്ചു. 2024ലെ തെരഞ്ഞെടുപ്പിനായി രൂപീകരിച്ച 28 പാര്‍ട്ടികളുടെ സഖ്യത്തില്‍ കാര്യമായി ഒരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും നിതീഷ് കുമാര്‍ ആരോപിച്ചു.

താന്‍ എല്ലാ പാര്‍ട്ടികളോടും സംസാരിച്ചുവെന്നും രാജ്യത്തിന്റെ ചരിത്രം മാറ്റിക്കുറിക്കാന്‍ വരുന്നവരില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. അതിനായി പാട്‌നയിലും മറ്റും നിരവധി യോഗങ്ങളും പരിപാടികളും നടത്തിയതായും, എന്നാല്‍ സഖ്യത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോവാന്‍ തങ്ങള്‍ എല്ലാവരും പ്രവര്‍ത്തിക്കുകയാണെന്നും എന്നാല്‍ അവര്‍ക്ക് അത്തരം കാര്യങ്ങളില്‍ താത്പര്യമില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു. നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കുന്നതെന്നും എല്ലാം കഴിയുമ്പോള്‍ തങ്ങളെയെല്ലാം വിളിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാണെന്നും, സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് വഴിതെളിക്കുമെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ നേതാവുമായ നസീര്‍ ഹുസൈന്‍ പറഞ്ഞു.

ഇന്ത്യാ സഖ്യം ‘തുക്ഡെ’ സഖ്യമാണെന്നും രാഹുല്‍ ഗാന്ധി നടത്തേണ്ടത് ഭാരത് ജോഡോ യാത്രയല്ല പകരം ഇന്ത്യ ജോഡോ യാത്രയാണെന്നും ബി.ജെ.പി ഇന്ത്യാ ബ്ലോക്കിനെ വിമര്‍ശിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിലാണ്. സമാജ്‌വാദിയുടെ നിലവിലെ ഏഴ് സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായിരുന്നു തുറന്ന രാഷ്ട്രീയ പോരിന് കാരണമായത്.

കൂടാതെ രാജസ്ഥാനില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും തമ്മില്‍ ചേരിതിരിവ് നിലനില്‍ക്കുന്നുണ്ട്. നിലവിലെ സി.പി.ഐ.എം സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. 2018ല്‍ 28 സീറ്റുകളിലായി മത്സരിച്ച സി.പി.ഐ.എം രണ്ട് സീറ്റുകള്‍ നേടിയിരുന്നു. മൂന്ന് സീറ്റുകളില്‍ രണ്ടാം സ്ഥാനത്തും എത്തിയിരുന്നു.

Content Highlight: Nothing much going on in India alliance: Nitish Kumar

We use cookies to give you the best possible experience. Learn more