Kerala News
നിയമവിരുദ്ധമായി ഒരു തെറ്റും ചെയ്തിട്ടില്ല, വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കും; ഫേസ്ബുക്ക് കുറിപ്പുമായി എല്‍ദോസ് കുന്നപ്പിള്ളില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 13, 02:11 am
Thursday, 13th October 2022, 7:41 am

കൊച്ചി: നിയമവിരുദ്ധമായി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളില്‍. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് അനുസരിക്കുമെന്നും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് കുറിപ്പില്‍ എല്‍ദോസ് പറഞ്ഞു.

ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ലെന്നും അദ്ദേഹം കുറിച്ചു.

പിന്തുണച്ചവര്‍ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വ്വോപരി സര്‍വ്വ ശക്തനും നന്ദിയെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പീഡനക്കസില്‍ കുരുക്ക് മുറുകിയതോടെ എല്‍ദോസ് കുന്നപ്പിള്ളില്‍ ഒളിവിലാണ്. എം.എല്‍.എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പ് വരെ പെരുമ്പാവൂരില്‍ സജീവമായിരുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ പരാതി ഉയര്‍ന്നതോടെ മുങ്ങിയിരിക്കുകയാണ്. രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ആയതോടെ എം.എല്‍.എയെ നേരിട്ട് ബന്ധപ്പെടാന്‍ മറ്റ് മാര്‍ഗങ്ങളില്ല.

രണ്ട് ദിവസമായി പൊതുപരിപാടികള്‍ക്കും എം.എല്‍.എയെ കണ്ടിട്ടില്ല. എല്‍ദോസ് എവിടെയെന്ന് പാര്‍ട്ടി നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ വ്യക്തതയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വരുന്നത് വരെ എം.എല്‍.എ മാറിനില്‍ക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നുള്ള വിവരം.

അതിനിടെ, പീഡന പരാതിയില്‍ എം.എല്‍.എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും. എം.എല്‍.എയെ അറസ്റ്റ് ചെയ്യാനും പൊലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അധ്യാപികയുടെ പീഡന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിയമ വിരുദ്ധമായ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. പെരുമ്പാവൂരിലെ വോട്ടര്‍മാര്‍ പറയുന്നത് ഞാന്‍ അനുസരിക്കും. ക്രിമിനലുകള്‍ക്ക് ജെന്‍ഡര്‍ വ്യത്യാസമില്ല എന്ന് മനസിലാക്കൂ. അധികാരം എനിക്ക് അവസാന വാക്കൊന്നുമല്ല. ഞാന്‍ വിശ്വസിക്കുന്ന ദൈവം മാത്രം തുണ. തട്ടിപ്പ് വശമില്ല.

സത്യസന്ധമായി സത്യസന്ധര്‍ മാത്രം പ്രതികരിക്കൂ. ഇത്രവരെ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ഒരുപാട് പേര്‍ ജനിച്ചു മരിച്ച ഈ മണ്ണില്‍ ഞാന്‍ തളരാതെ മരിക്കുവോളം സത്യസന്ധമായി ജീവിക്കുകയും മുന്നേറുകയും ചെയ്യും. പിന്തുണച്ചവര്‍ക്കും പിന്തുണ പിന്‍വലിച്ചവര്‍ക്കും സര്‍വോപരി സര്‍വ ശക്തനും നന്ദി.

Content Highlight: Nothing illegal has been done; Eldhose Kunnappillil MLA on Facebook Post