കോട്ടയം: പുതുപ്പള്ളിയില്‍ ജീവനക്കാരിയെ പിരിച്ചുവിട്ട വിവാദത്തില്‍ വീണ്ടും വഴിത്തിരിവ്. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടമായെന്ന ആക്ഷേപം ഉന്നയിച്ച സതീദേവിക്കെതിരെ വ്യാജരേഖ ചമച്ച് ജോലി നേടിയതില്‍ അയല്‍വാസിയായ ലിജിമോള്‍ പരാതി നല്‍കി. സതീദേവി ജോലി നേടിയ രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും വാര്‍ത്ത സമ്മേളനത്തില്‍ ലിജിമോള്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പമാണ് ഇവര്‍ വാര്‍ത്താ സമ്മേളനം നടത്തിയത്. മൃഗാശുപത്രിയിലെ ജോലിയുമായി ഒരു ബന്ധവുമില്ലെന്നും
ലിജിമോള്‍ പറഞ്ഞു.
‘ഞാന്‍ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് എന്റെ പേരില്‍ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്,’ ലിജി മോള്‍ പറഞ്ഞു.
ലിജിമോള്‍ എന്നയാളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും ഇത് കണ്ടത്തിയതിനെ തുടര്‍ന്നാണ് പിരിച്ചുവിട്ടത് എന്നുമായിരുന്നു മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ഇന്നലെ പറഞ്ഞിരുന്നത്. ഇത് സാധൂകരിക്കുന്ന പരാതിയാണ് ലിജിമോള്‍ ഉന്നയിക്കുന്നത്.
ഇല്ലാത്ത ജോലിയാണ് സതിയമ്മ ചെയ്തത്. ലിജിമോളെന്നയാളുടെ പേരിലുള്ള ജോലിയും ആ അക്കൗണ്ടിലേക്ക് വരുന്ന പണവുമാണ് സതിയമ്മ കൈപറ്റിയിരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
ഐശ്വര്യ കുടുംബശ്രീ വഴി ആറ് മാസത്തേക്കായിരുന്നു ലിജിമോളുടെ നിയമനം. എന്നാല്‍ ലിജിമോളല്ല താല്‍കാലിക ജീവനക്കാരിയായി ജോലി ചെയ്യുന്നതെന്ന് ഒരാഴ്ചയ്ക്ക് മുന്‍പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി ലഭിച്ചുവെന്നും ഇതിന്‍മേലുള്ള അന്വേഷണത്തിലാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേക്കുറിച്ച് ടെലിവിഷന്‍ ചാനലിനോട് നല്ലത് പറഞ്ഞതിന് കൈതേപ്പാലം മൃഗാശുപത്രിയിലെ താല്‍ക്കാലിക സ്വീപ്പര്‍ ജീവനക്കാരിയായ തന്നെ മൃഗസംരക്ഷണ വകുപ്പ് പുറത്താക്കിയെന്നായിരുന്നു കഴിഞ്ഞ ദിവസം സതിയമ്മ ആരോപിച്ചിരുന്നത്.
ജീവനക്കാരിക്കെതിരെ നടപടിയെടുത്തെന്ന ആരോപണത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് ഇന്ന് രാവിലെ വരെ സ്വീകരിച്ചത്. സതിയമ്മയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ സന്ദര്‍ശിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയെ സ്നേഹിക്കുന്നവരെ വേട്ടയാടുന്നത് ശരിയല്ലെന്നായിരുന്നു ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്.
മറ്റൊരാള്‍ക്ക് പകരമാണ് ജോലി ചെയ്തതെന്ന് പറയുന്നത് സാങ്കേതികത്വമാണെന്നും കുടുംബശ്രീയില്‍ ഇത്തരം ജോലികളില്‍ അങ്ങനെ ചെയ്യാറുണ്ടെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരുന്നത്.
Content Highlight: Another twist in the controversy over the dismissal of an employee in Puthupally.