ജര്‍മ്മനിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഇന്ത്യന്‍ ഫുഡ് ഫെസ്റ്റില്‍ കേരള സമാജത്തിന്റെ സ്റ്റാളില്‍ ബീഫ് വിളമ്പുന്നത് തടയാനെത്തി വിശ്വഹിന്ദു പരിഷത്ത്. ഹിന്ദു സംസ്‌കാരത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് വാദിച്ച് പ്രചരണവും പെറ്റീഷന്‍ നടപടികളും ആരംഭിക്കുകയായിരുന്നു.
ഇവരെ പിന്തുണക്കുന്ന നിലപാടാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്വീകരിച്ചത്. ബീഫ് ഒഴിവാക്കണമെന്ന്കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു. ബീഫ് വിരോധികളുടെ പ്രചരണം ശക്തമായതോടെ ഭക്ഷ്യമേള ആരംഭിക്കുന്നതിന്റെ തലേ ദിവസം ബീഫ് മെനുവില്‍ നിന്ന് ഒഴിവാക്കാന്‍ കേരളീയ സമാജം നിര്‍ബന്ധിതരായി. ഏറെ നേരത്തെ വാഗ്വാദങ്ങള്‍ക്ക് ശേഷം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടി ബീഫ് ഒഴിവാക്കാം എന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ഈ സംഭവത്തില്‍ പൊലീസ് ഇടപെടുകയും ബീഫ് വിളമ്പാന്‍ അനുവദിച്ചുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്തകളില്‍ വിശദീകരണവുമായി കേരള സമാജം രംഗത്തെത്തി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ സംഭവത്തെ തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളികള്‍ പ്രതിഷേധിച്ചു. ഏത് ഭക്ഷണം കഴിക്കണമെന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ഇത് എന്നാണ് ഇവര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. ബീഫ് വിഭവം ഉൾപ്പെട്ട കേരള മെനു ശ്രദ്ധയിൽപ്പെട്ട വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരാണ് എതിർപ്പുമായി രംഗത്തുവന്നതെന്നും തുടർന്ന് കോൺസുലേറ്റ് ഇടപെടുകയായിരുന്നുവെന്ന് ഡോണി ജോര്‍ജ് കുറിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളീയ സമാജത്തിന്റെ വിശദീകരണ കുറിപ്പ്
കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഫ്രാങ്ക്ഫർട്ട് ഈയിടെ സംഘടിപ്പിച്ച ഫെസ്റ്റിനു വേണ്ടി കേരള സമാജം തയ്യാറാക്കിയ മെനു സംബന്ധിച്ച് ചില ദുർവ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഓൺലൈൻ മീഡിയയിലും ഈ വാർത്ത പ്രചരിക്കുന്നതിനാൽ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ ഞങ്ങളാഗ്രഹിക്കുന്നു. ഇന്ത്യൻ ഫെസ്റ്റിന് തയ്യാറെടുക്കുമ്പോൾ എല്ലാ ഇന്ത്യൻ സംഘാടകരോടും ആൽക്കഹോൾ ഒഴികെ ഓരോ സംസ്ഥാനത്തെയും പൊതു ഭക്ഷണങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും പൊതുതാൽപര്യം അടിസ്ഥാനമാക്കിയുള്ള മെനുവാണ് കേരള സമാജം തയ്യാറാക്കിയത്. സ്ഥാപിത താൽപര്യക്കാരായ ചിലർ എതിർപ്പ് ഉയർത്തിയതിനെ തുടർന്ന് കോൺസുലേറ്റ് ജനറൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ മെനു തിരുത്താൻ ഞങ്ങളോട് അഭ്യർത്ഥിക്കുകയായിരുന്നു. കോൺസുലേറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് സമാധാനകാംക്ഷികളായ ‘ദൈവത്തിന്റെ സ്വന്തം നാടിനെ’ പ്രതിനിധീകരിക്കുന്ന ഞങ്ങൾ മറ്റെന്തിനുംമുകളിൽ സമാധാനവും സഹവർത്തിത്തവും കാത്തുസൂക്ഷിക്കാൻ സമ്മതിക്കുകയും ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഇന്ത്യയുടെ അടിസ്ഥാന മൂല്യം ഉയർത്തിപ്പിടിക്കാൻ തീരുമാനിക്കുകയുമായിരുന്നു. സമാധാനം ആഗ്രഹിക്കുന്ന ഉത്തരവാദിത്വബോധമുള്ള എല്ലാ പൗരന്മാരോടും പൗരന്മാർ അല്ലാത്തവരോടും, ഇതുസംബന്ധിച്ച വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.