| Tuesday, 8th November 2016, 10:50 pm

നോട്ടുകള്‍ പിന്‍വലിക്കല്‍; എ.ടി.എമ്മുകളില്‍ വന്‍ തിരക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  കള്ളപ്പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി ഇന്ന് അര്‍ധരാത്രി മുതല്‍ 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്ത് എല്ലാ എ.ടി.എമ്മുകളിലും വന്‍ തിരക്ക്. യാത്രികരടക്കമുള്ളവരാണ് കൗണ്ടറുകളിലെത്തുന്നത്.

പലരും പണം ബാങ്കുകളിലേക്ക് തിരിച്ചിടാനായും എ.ടി.എം കൗണ്ടറുകളിലെത്തുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളും എ.ടി.എമ്മുകളിലേക്ക് പണം നിക്ഷേപിക്കാനായെത്തുന്നുണ്ട്. സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലും വന്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇവിടെയെല്ലാം 500ന്റെയും 1000ത്തിന്റെയും നോട്ടുകളാണ് ജനങ്ങള്‍ കൈമാറുന്നത്.

പുതിയ നോട്ടുകള്‍ എത്തിക്കുന്നതിന്റെ ഭാഗമായി നാളെയും മറ്റെന്നാളും രാജ്യത്തെ എടിഎമ്മുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ബാങ്കുകളുടെ സേവനം പൊതുജനങ്ങള്‍ക്ക് നാളെ ലഭ്യമാവുകയില്ല.

ഇന്ന് എ.ടി.എമ്മില്‍ നിന്നും പരമാവധി പിന്‍വലിക്കാവുന്ന തുക 2000 രൂപയാക്കിയിട്ടുമുണ്ട്. രാജ്യത്തെ സാമ്പത്തിക അവസ്ഥ പൂര്‍വ്വ സ്ഥിതിയിലെത്താന്‍ 15 മുതല്‍ 20 ദിവസം വരെ എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കേന്ദ്രത്തിന്റെ തീരുമാനം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനത്തിലൂടെ രാജ്യം സാമ്പത്തിക അടിയന്തരാവസ്ഥയിലായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more