വാഷിങ്ടണ്‍: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതും, ജി.എസ്.ടി നടപ്പില്‍ വരുത്തിയതുമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇപ്പോഴുള്ള ഏഴു ശതമാനം വളര്‍ച്ചാനിരക്ക് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ അപര്യാപ്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ജി.എസ്.ടിയും നോട്ടുനിരോധനവും നടപ്പില്‍ വരുത്തുന്നതിന് മുമ്പ്, 2012 മുതല്‍ 2016 വരെയുള്ള നാലു വര്‍ഷ കാലയളവില്‍ ഇന്ത്യന്‍ സമ്പദ്ഘടന സ്ഥായിയായ വളര്‍ച്ച കൈവരിക്കുന്നുണ്ടായിരുന്നു”- യൂണിവേസിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ വച്ച് നടത്തിയ ലെക്ചറില്‍ അദ്ദേഹം പറഞ്ഞു.
“നോട്ടുനിരോധവും ജി.എസ്.ടിയും ഉണ്ടാക്കിയ ഞെട്ടല്‍ രാജ്യത്തെ സമ്പദ്ഘടനയെ കാര്യമായി ബാധിച്ചു. ആഗോള തലത്തില്‍ സമ്പദ് ഘടന ശക്തിയും സ്ഥിരതയും പ്രാപിക്കുന്നതിനിടെയാണ് ഇന്ത്യ കുത്തനെ താഴോട്ടു പോയത എന്നതും കണക്കിലെടുക്കണം”- അദ്ദേഹം പറഞ്ഞു.
ഇന്ത്യ സാമ്പത്തികമായി ഉണര്‍ന്നുവെങ്കിലും കൂടുന്ന എണ്ണ വില ഗൗരവതരമായി ഇന്ത്യയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യ നേരിടുന്ന മൂന്ന് പ്രധാന പ്രശനങ്ങളിലൊന്ന് ഊര്‍ജ മേഖലയിലെ പ്രതിസന്ധിയാണ്, മറ്റൊന്ന് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ്. മികച്ച സൗകര്യങ്ങളുണ്ടെങ്കിലേ വളര്‍ച്ചയുണ്ടാകൂ. മൂന്നാമത്തെ പ്രശ്‌നമായി രഘുറാം വിലയിരുത്തുന്നത് ബാങ്കുകളാണ്. ബാങ്കുകള്‍ സംശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പരിധിവരെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ ഉത്തരവാദി രാജ്യത്തെ കേന്ദ്രീകൃതമായ രാഷ്ട്രീയ അധികാരത്തിലൂന്നിയ ഘടനയാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.