| Monday, 17th December 2018, 9:36 am

ജി.എസ്.ടിയും നോട്ടുനിരോധനവും തിരിച്ചടിയായി; തൊഴില്‍ അവസരങ്ങളില്‍ ഇടിവ്, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ നഷ്ടത്തിലെന്ന് സര്‍വേ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള ചെറുകിട ഇടത്തരം വ്യാപാരങ്ങളും സംരംഭങ്ങളും 2014 മുതല്‍ തുടര്‍ച്ചയായ നഷ്ടം നേരിടുന്നതായി സര്‍വേ. ഓള്‍ ഇന്ത്യാ മാനുഫാക്‌ചേര്‍സ് ഓര്‍ഗനൈസേഷന്‍(എ.ഐ.എം.ഒ) നടത്തിയ സര്‍വേ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടിയും നോട്ടുനിരോധനവുമാണ് ഇതിന് മുഖ്യകാരണം.

വ്യാപാരികളില്‍ നിന്നും ചെറുകിട ഇടത്തരം സംരംഭകരില്‍ നിന്നും 34,700 സാമ്പിളുകള്‍ പരിശോധിച്ച എ.ഐ.എം.ഒ സര്‍വേ 2014 ന് ശേഷം ഈ മേഖല കനത്ത തിരിച്ചടി നേരിടുന്നതായി കണ്ടെത്തി. ചെറുകിട, ഇടത്തരം സംരഭകരും, ഇറക്കുമതിയിലും കയറ്റു മതിയിലും ഏര്‍പ്പെട്ടിരിക്കുന്ന, വന്‍തോതില്‍ ഉത്പാദനം നടത്തുന്ന സ്ഥാപനങ്ങളടക്കം മൂന്ന് ലക്ഷം വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധിയാണ് എ.ഐ.എം.ഒ.

വ്യാപാരമേഖലയില്‍ 43 ശതമാനവും, മൈക്രോ സെഗ്മെന്റുകളില്‍ 32 ശതമാനവും, ചെറുകിട സ്ഥാപനങ്ങളില്‍ 35 ശതമാനവും ഇടത്തരം സ്ഥാപനങ്ങളില്‍ 24 ശതമാനവും തൊഴിലുകള്‍ നഷ്ടപെട്ടതായി സര്‍വേയില്‍ പറയുന്നു.

രാജ്യത്തുടനീളമുള്ള വ്യാപാരികളുടെ പ്രാവര്‍ത്തിക ലാഭത്തില്‍ 70 ശതമാനത്തോളം ഇടിവുണ്ടായതായി എ.ഐ.എം.ഒ പ്രസിഡന്റ് കെ.ഇ.രഘുനാഥ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

“മൈക്രോ സ്ഥാപനങ്ങള്‍ക്ക് പ്രാവര്‍ത്തിക ലാഭത്തില്‍ 43 ശതമാനവും, ചെറുകിട സ്ഥാപനങ്ങള്‍ക്ക് 35 ശതമാനവും, ഇത്തരം സ്ഥാപനങ്ങള്‍ക്ക് 24 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ട്. ഇത് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന കാര്യമാണ്. ചെറുകിട ഇടത്തരം വ്യാപാരങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ ഇല്ലാതാവുകയാണ്”- രഘുനാഥ് പറഞ്ഞു.

2015-2016 കാലഘട്ടത്തില്‍ പുതിയ രാഷ്ട്രീയ നേതൃത്വത്തിലുള്ള പ്രതീക്ഷയില്‍ എല്ലാ ബിസിനസ്സ് മേഖലകളിലും വളര്‍ച്ചയുണ്ടായതായി രഘുനാഥ് പറയുന്നു. “അടുത്ത വര്‍ഷം നോട്ടു നിരോധനത്തിനു ശേഷം ഈ വളര്‍ച്ച നിലച്ചു. ജി.എസ്.ടി വന്നതോടെ ഈ മേഖലയുടെ അടുത്ത മൂന്നു വര്‍ഷത്തെ കാര്യങ്ങള്‍ കൂടെ വഷളാക്കി”- അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കൊണ്ടു വന്നിട്ടുള്ള വിവിധ നയങ്ങളുടേയും പദ്ധതികളുടേയും സഹായങ്ങളുടേയും പ്രകടനം ഇടത്തരം ചെറുകിട മേഖലകളില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍ സര്‍വേ നിരീക്ഷിച്ചു.

മേക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ ക്യാമ്പയ്‌നുകള്‍, നോട്ടുനിരോധനം, ജി.എസ്.ടി, നികുതി നിയമങ്ങള്‍, ഇന്ത്യന്‍ വിപണിയിലേക്കുള്ള വിദേശ കമ്പനികളായ ഊബര്‍, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവരുടെ കടന്നു വരവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്.

Also Read നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് തടയിട്ടു; രഘുറാം രാജന്‍

തമിഴ്‌നാട്, പഞ്ചാബ്, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, ഹൈദരാബാദ്, ആസാം, പശ്ചിമ ബംഗാള്‍, കേരളം എന്നിവിടങ്ങളിലുള്ള 34,000 ചെറുകിട ഇടത്തരം വ്യാപാരികളില്‍ നിന്നും ഡാറ്റ ശേഖരിച്ചതിന് ശേഷമാണ് സര്‍വേ തയ്യാറാക്കിയത്.

2014-15 കാലഘട്ടത്തില്‍ 100 ജോലിക്കാര്‍ ഉള്ള വ്യാപാര മേഖലയില്‍ 2018-19 കാലയളവില്‍ 57 ജോലിക്കാരായി കുറഞ്ഞതായി സര്‍വേ പറയുന്നു. 2015-16 കാലഘട്ടത്തില്‍ വ്യാപാരമേഖലയില്‍ 106 ശതമാനം വരെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയെങ്കിലും നോട്ടുനിരോധനത്തെത്തുടര്‍ന്ന് ഇത് 2017-18 കാലഘട്ടത്തില്‍ 83 ശതമാനമായും, 2018-19 കാലഘട്ടത്തില്‍ 76 ശതമാനമായും ഇടിഞ്ഞതായി സര്‍വേ കാണിക്കുന്നു.

ചെറുകിട വ്യാപാര മേഖലുകളുടെ കാര്യത്തിലാണ് ഇത് ഏറ്റവും രൂക്ഷമായതെന്ന് സര്‍വേ പറുയുന്നു. “2015-16 കാലഘട്ടത്തില്‍ 115 ശതമാനം വളര്‍ച്ചാനിരക്കുള്ള ഈ മേഖലയിലെ അടുത്ത മൂന്ന് വര്‍ഷങ്ങളിലെ വളര്‍ച്ച 78%, 71%, 65% എന്നിങ്ങനെയായി ഇടിഞ്ഞു, ഇതിന്റെ കാരണം ജി.എസ്.ടിയാണ്”- രഘുനാഥ് പറഞ്ഞു.

Image Credits: Amit Dave/ Reuters

We use cookies to give you the best possible experience. Learn more