കോഴിക്കോട്: സെക്ഷ്വല്‍ ഓറിയന്റേഷന്‍ ജനിതകം, ഹോര്‍മോണ്‍ സംബന്ധം എന്നിങ്ങനെ പല ഘടകങ്ങള്‍ കൊണ്ട് രൂപപ്പെടുന്നതാണെന്നും കൗണ്‍സിലിംഗ് കൊണ്ട് അതിനെ മാറ്റിയെടുക്കാന്‍ സിധിക്കില്ലെന്നും ഡോ. ഷിംന അസീസ്. ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകര്‍ഷണവും നോര്‍മലായ ഒന്നാണെന്നും ഡോ. ഷിംന അസീസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അവരുടെ പ്രതികരണം,
‘കൗണ്‍സിലിംഗ് വഴി ലെസ്ബിയന്‍/ഗേ വിഭാഗത്തില്‍ പെട്ടവരെ നോര്‍മല്‍ ആക്കാന്‍ പറ്റുമോ?’ കഴിഞ്ഞ ദിവസം ഈ വിഷയം വാര്‍ത്തയായതിനു ശേഷം ചുറ്റോട് ചുറ്റ് നിന്നും ഈ ചോദ്യമാണ്.
നോക്കൂ, ഈ ചോദ്യം തന്നെ അടിസ്ഥാനപരമായി തെറ്റാണ്.
നോര്‍മല്‍ എന്ന് ഭൂരിപക്ഷവും കരുതുന്ന ഹെറ്ററോസെക്ഷ്വാലിറ്റി അഥവാ മറ്റൊരു ജെന്‍ഡറില്‍ പെട്ട വ്യക്തിയോട് തോന്നുന്ന ആകര്‍ഷണം പോലെ തന്നെ നോര്‍മലായ മറ്റൊന്നാണ് ഹോമോസെക്ഷ്വാലിറ്റി അഥവാ ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകര്‍ഷണവും.
നിങ്ങള്‍ ഒരു ഹെറ്ററോസെക്ഷ്വല്‍ ആണെങ്കില്‍ നിങ്ങളെ കൗണ്‍സില്‍ ചെയ്ത് ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ ആക്കാന്‍ സാധിക്കില്ല. അതുപോലെ ലെസ്ബിയന്‍/ഗേ വിഭാഗത്തില്‍ പെട്ടവരെ കൗണ്‍സിലിംഗോ അത്തരം ഏതെങ്കിലും മാര്‍ഗങ്ങളോ വഴി ഹെട്രോസെക്ഷ്വല്‍ ആക്കാനും പറ്റില്ല. സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഒരു വ്യക്തിയുടെ ജനിതകം, ഹോര്‍മോണ്‍ സംബന്ധം എന്നിങ്ങനെ പല ഘടകങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ‘മാറ്റാന്‍’ വേണ്ടി അസാധാരണമായി ഒന്നും ഇതിലില്ല. പങ്കാളിയെ തെരഞ്ഞെടുക്കുന്നത് ബന്ധപ്പെടാനും കുട്ടികളെ ഉണ്ടാക്കാനും വേണ്ടി മാത്രമല്ലെന്നും ഷിംന പറഞ്ഞു.
ഒരു കല്യാണം കഴിഞ്ഞാല്‍ ഒക്കെ ശരിയാവും എന്നൊക്കെ ചിന്തിക്കുന്നവരോട് വ്യക്തമായിത്തന്നെ പറയാം, ഇങ്ങനെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മറച്ചുവച്ചോ മറ്റ് മാര്‍ഗങ്ങളില്ലാതെയോ മറ്റോ അവരവരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ രണ്ട് പേരുടെ ജീവിതവും ഒരുപോലെ കുഴപ്പത്തിലാവാനാണ് സാധ്യത. കല്യാണം/കൗണ്‍സിലിംഗ്/ശാരീരിക-മാനസികപീഡനം തുടങ്ങി ഒന്നും സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാറ്റില്ലെന്നും ഷിംന കൂട്ടിച്ചേര്‍ത്തു.
‘ഇനി ഇത്തരം വാര്‍ത്തകള്‍ക്ക് താഴെ മൃഗരതി, ശവഭോഗം എന്നൊക്കെ കുത്തിക്കേറ്റി എല്ലാം കൂടെ ഒരൊറ്റക്കെട്ടാക്കിക്കാണിക്കാന്‍ ശ്രമിക്കുന്നവര്‍, എന്താണ് കണ്‍സെന്റ് എന്നും, ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് രണ്ട് പേര്‍ക്ക് പൂര്‍ണമായ കണ്‍സെന്റ് നല്‍കാനാവുക എന്നതുമൊക്കെ ഒന്ന് വായിച്ച് പഠിക്കാവുന്നതാണ്. അതെങ്ങനെയാ, മറ്റുള്ളവര്‍ക്ക് ‘ആവശ്യത്തിന് സ്വാതന്ത്യം അനുവദിച്ച് കൊടുക്കുന്ന’ തൊക്കെ അഭിമാനപുരസ്സരം തള്ളുന്ന മാന്യരാണല്ലോ…
സമൂഹത്തില്‍ ലെസ്ബിയന്‍/ഗേ കപിള്‍സ് പുറത്ത് വരുന്നത് കണ്ട് ആരും അത് അനുകരിക്കാനൊന്നും പോണില്ല. അത് സാധ്യവുമല്ല. ‘ഇവരെ കണ്ട് പഠിക്കൂല്ലേ?’ എന്ന പറച്ചിലില്‍ കതിരില്ല. സെക്ഷ്വല്‍ ഓറിയന്റേഷന്‍ ആരെയെങ്കിലും കണ്ട് അതുപോലെ കാണിക്കുന്ന ഒന്നല്ല.
മുന്‍പ് പറഞ്ഞത് പോലെ അവരെ അവരുടെ പാട്ടിന് വിടാം. അതാണ് അതിന്റെ ശരിയും,’ ഷിംന അസീസ് പറഞ്ഞു.
CONTENT HIGHLIGHTS: . Note by Dr Shimna Azeez says Nothing changes in sexual orientation, such as marriage / counseling / physical and mental abuse