ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഫെബ്രുവരി അവസാനത്തോടെ സാധാരണ നിലയിലാകുമെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യ.
ഞങ്ങള്‍ കരുതുന്നത് ഇപ്പോഴുള്ള പ്രതിസന്ധി അടുത്ത മാസം അവസാനത്തോടെ തീരുമെന്നാണ്. എസ്.ബി.ഐയില്‍ അക്കൗണ്ട് ഉള്ള ഒരാള്‍ പോലും ഇനി ക്യൂവില്‍ നില്‍ക്കേണ്ടി വരില്ലെന്നാണ് തോന്നുന്നത്.
ഓരോ ബ്രാഞ്ചിലേക്കും ആളുകള്‍ക്ക് ആവശ്യാനുസരണം പിന്‍വലിക്കാവുന്ന പണം എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. ആവശ്യത്തിന് കറന്‍സി എത്തിത്തുടങ്ങുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കും.
അതേസമയം ആവശ്യത്തിന് നോട്ടുകള്‍ എത്തിത്തുടങ്ങിയാല്‍ പിന്നെ ആളുകള്‍ക്ക് ഡിജിറ്റല്‍ പണമിടപാടില്‍ അധികം താത്പര്യം കാണിക്കില്ലെന്ന കാര്യവും അവര്‍ വ്യക്തമാക്കി.
നോട്ട് നിരോധനത്തിന് മുന്‍പ് ഉണ്ടായ അവസ്്ഥയിലേക്ക് തന്നെ കാര്യങ്ങള്‍ പോകും. ആവശ്യത്തിന് കറന്‍സി കയ്യില്‍വരുന്നതോടെ ആളുകള്‍ കാഷ്‌ലെസ് എക്കണോമിയെന്ന കാര്യം മറക്കും. കറന്‍സി നല്‍കിത്തന്നെ ഇടപാടുകള്‍ നടത്തും. അല്ലെങ്കില്‍ ഡിജിറ്റല്‍ ഇക്കണോമിയെ കുറിച്ച് ജനങ്ങളെ നല്ല രീതിയില്‍ ബോധവത്ക്കരിക്കേണ്ടി വരുമെന്നും അരുന്ധതി ഭട്ടാചര്യ പറയുന്നു.
കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു 500 ന്റേയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. രണ്ട് മാസം പിന്നിട്ടിട്ടും എ.ടി.എമ്മില്‍ നിന്നും ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും നിയന്ത്രണമുണ്ട്. ഇപ്പോഴും ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ തുടരുകയാണ്.