| Thursday, 19th May 2016, 10:48 pm

ഒരു ലക്ഷം കടന്ന് നോട്ട; ഏറ്റവും കുറവ് പൂഞ്ഞാറില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിയസഭാ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് (NOTA- None Of The Above) ലഭിച്ചത് ഒരു ലക്ഷത്തിലേറെ. 105819 വോട്ടുകളാണ് സംസ്ഥാത്തൊട്ടാകെ 140 മണ്ഡലങ്ങളിലായി എല്ലാ സ്ഥാനാര്‍ത്ഥികളെയും നിരാകരിച്ച് രേഖപ്പെടുത്തപ്പെട്ടത്. ആകെ വോട്ടുകളുടെ അര ശതമാനം വരുമിത്. ഏറ്റവും കുറവ് നോട്ട രേഖപ്പെടുത്തിയ മണ്ഡലവും ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലവും കോട്ടയത്താണ്.

കടുത്ത മത്സരം നടന്ന കോട്ടയത്തെ പൂഞ്ഞാറാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് നോട്ട രേഖപ്പെടുത്തിയ മണ്ഡലം. 313 നോട്ട വോട്ടുകള്‍ മാത്രമാണ് ഇവിടെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വിജയിച്ച ഏക സ്വതന്ത്ര്യ സ്ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ മണ്ഡലമാണിത്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും (321) കുട്ടനാടുമാണ് (346) തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഒരിടത്തും നോട്ട നാലക്കം കടന്നില്ല.

കോട്ടയം ജില്ലയിലെ തന്നെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ നോട്ട വോട്ടുകള്‍ രേഖപ്പെടുത്തിയത്. 1533 പേര്‍ ഇവിടെ നോട്ടയ്ക്ക് വോട്ടു ചെയ്തു. 1435 നോട്ട വോട്ടുകളുമായി തിരുവനന്തപുരമാണ് രണ്ടാമത്. കണ്ണൂരിലെ മട്ടന്നൂരാണ് (1420) നോട്ടയുടെ എണ്ണത്തില്‍ മൂന്നാമതുള്ള മണ്ഡലം.

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും നോട്ട ആയിരം കടന്നു. സുല്‍ത്താന് ബത്തേരി 1261, കല്‍പ്പറ്റ 1172, മാനന്തവാടി 1050 എന്നിങ്ങനെയാണ് വയനാട്ടിലെ നോട്ട വിഹിതം. പാലക്കാട്ട് 12 മണ്ഡലങ്ങളില്‍ ആറിടത്താണ് നോട്ട ആയിരം തികച്ചത്. എറണാകുളത്ത് അഞ്ചിടത്ത് നോട്ടയ്ക്ക് ആയിരത്തിലേറെ വോട്ടുകള്‍ ലഭിച്ചു.

We use cookies to give you the best possible experience. Learn more