| Saturday, 6th April 2024, 1:53 pm

തൊഴിലുറപ്പിന്‍ പെണ്ണുങ്ങളല്ല, വടകരയുടെ പെണ്‍പട; വടകരയിലെ യു.ഡി.എഫ് റാലിയിലെ മുദ്രാവാക്യം വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് വേണ്ടിയുള്ള റാലിയിലെ മുദ്രാവാക്യങ്ങള്‍ വിവാദത്തില്‍. തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യങ്ങള്‍ എന്ന് ഇടത് കേന്ദ്രങ്ങള്‍ ആരോപിക്കുന്നു. റാലിയില്‍ പങ്കെടുത്ത സ്ത്രീകളാണ് തൊഴിലുറപ്പ് തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചത്.

റാലിയില്‍ പങ്കെടുക്കുന്ന തങ്ങള്‍ തൊഴിലുറപ്പ് തൊഴിലാളികളല്ല എന്നായിരുന്നു റാലിയില്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളിലും മറ്റും പങ്കെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിക്കുന്നതാണ് ഈ മുദ്രാവാക്യം എന്നാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്ന പ്രതിഷേധങ്ങളില്‍ പറയുന്നത്.


ഷാഫി പറമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുമ്പോഴുള്ള റാലിയിലാണ് ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, കെ.കെ. രമ എം.എല്‍.എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചുഉമ്മന്‍ എന്നിവരായിരുന്നു ജാഥ നയിച്ചിരുന്നത്.

‘കണ്ടോളൂ…കണ്ടോളൂ…കുട്ടി സഖാക്കള്‍ കണ്ടോളൂ… വടകരയുടെ പെണ്‍പട…കണ്ണ് നിറയെ കണ്ടോളൂ…വടകരയുടെ പെണ്‍പട കണ്ണ് നിറയെ കണ്ടോളൂ…ഭീഷണിയായി വന്നവരല്ല… തൊഴിലുറപ്പിന് പെണ്ണുങ്ങളല്ല…ഞങ്ങളെ ഓമന ഷാഫിക്ക് വേണ്ടി ഇറങ്ങി വന്ന പെണ്‍പടയാണ്…’ എന്നായിരുന്നു ജാഥയില്‍ പങ്കെടുത്ത സ്ത്രീകള്‍ വിളിച്ച മുദ്രാവാക്യം. ഇതിനെതിരെയാണ് ഇപ്പോള്‍ ഇടത് കേന്ദ്രങ്ങള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ രാഷ്ട്രീയ ബോധ്യത്തെ അപമാനിക്കുന്നതാണ് ഈ മുദ്രാവാക്യമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. മാത്രവുമല്ല രാഷ്ട്രീയത്തില്‍ ഇടപെടുന്ന തൊഴിലുറപ്പ് തൊഴിലാളികളെല്ലാം ഭീഷണിക്ക് വഴങ്ങിവരുന്നവരാണെന്ന തെറ്റായ കാര്യവും ഈ മുദ്രാവാക്യത്തിലൂടെ പറയുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീവിരുദ്ധമായ ഈ മുദ്രാവാക്യം സ്ത്രീകളെ കൊണ്ട് തന്നെ അഭിമാനപൂര്‍വം വിളിപ്പിച്ചു എന്നും റാലി നയിച്ച സ്ത്രീകളായ അച്ചു ഉമ്മനോ, കെ.കെ രമയോ ഇത് തടഞ്ഞില്ല എന്നും വിമര്‍ശകര്‍ പറയുന്നു.

ഷാഫി പറമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വനിതകള്‍ പങ്കെടുക്കുന്ന റാലിയുടെ അകമ്പടിയോടെയാണ് എന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായാണ് ഈ റാലി നടന്നത്. മാത്രവുമല്ല, വിവാദ മുദ്രാവാക്യങ്ങല്‍ ഉയര്‍ന്ന ഈ റാലി നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ വടകരയില്‍ കെ.കെ. ശൈലജയുടെ പ്രചരണാര്‍ത്ഥം വലിയ വനിത റാലി നടന്നിരുന്നു. ഇതിന് മറുപടിയായിട്ട് കൂടിയാണ് യു.ഡി.എഫ് ഈ റാലി നടത്തിയത്. അതാണിപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ റാലികളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ തൊഴിലുറപ്പ് തൊഴിലാളികളാണെന്നും അവരെ ഭീഷണിപ്പെടുത്തിയാണ് പരിപാടികളില്‍ എത്തിക്കുന്നത് എന്നുമുള്ള പ്രചാരണങ്ങള്‍ എല്ലായിപ്പോഴും യു.ഡി.എഫ് കേന്ദ്രങ്ങല്‍ ഉയര്‍ത്താറുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ ഈ വിവാദ മുദ്രാവാക്യവും എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.

content highlights: Not women of working class, but women of Vadakara; The slogan of the UDF rally in Vadakara is in controversy

We use cookies to give you the best possible experience. Learn more