national news
നിയമമന്ത്രിയോട് പ്രശ്‌നമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല; ലക്ഷ്യം നീതിന്യായവ്യവസ്ഥയുടെ സ്വാതന്ത്ര്യം: ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 18, 02:02 pm
Saturday, 18th March 2023, 7:32 pm

ന്യൂ ദല്‍ഹി: ഒരു സംവിധാനവും പൂര്‍ണ തോതില്‍ മികച്ചതായിരിക്കില്ലെന്നും എന്നാല്‍ നിലനില്‍ക്കുന്നതില്‍ മികച്ച സംവിധാനമാണ് ഇന്ത്യയിലേതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തെ കുറിച്ച് ഇന്ത്യ ടുഡേ കോണ്‍ഗ്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാഹ്യ ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കപ്പെട്ടാലെ നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ സംവിധാനങ്ങളും മികച്ചതാകണമെന്നില്ല. എന്നാല്‍ നമ്മള്‍ വിപുലപ്പെടുത്തിയെടുത്ത മികച്ച സംവിധാനമാണ് കൊളീജിയം സിസ്റ്റം. ഇതിലും പ്രധാനപ്പെട്ട നമ്മുടെ ലക്ഷ്യം നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യമാണ്.

ആ സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ ബാഹ്യ ഇടപെടലുകളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതുണ്ട്’, ചന്ദ്രചൂഡ് പറഞ്ഞു.

നിയമമന്ത്രിയുമായി പ്രശ്‌നത്തില്‍ ചേരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരേ വിഷയത്തില്‍ രണ്ട് ധാരണയുണ്ടാകുന്നത് തെറ്റല്ലെന്നും അവയെ രാഷ്ട്ര ബോധത്തോടെ കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസുകള്‍ എങ്ങനെ തീര്‍പ്പാക്കണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ജഡ്ജായിരിക്കുന്ന ഈ 23 വര്‍ഷത്തിലും കേസുകള്‍ എങ്ങനെ തീര്‍പ്പാക്കണമെന്ന് എന്നോട് ആരും പറഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേസ് തന്നെ ഇതിനൊരു ഉദാഹരണമാണ്,’ ചന്ദ്രചൂഡ് പറഞ്ഞു.

അതേസമയം ചീഫ് ജസ്റ്റിസുമാരും ജസ്റ്റിസുമാരും സുപ്രധാന നിയമനങ്ങളില്‍ ഇരുന്നാല്‍ ജുഡീഷ്യറിയുടെ കാര്യം ആര് നോക്കുമെന്ന് നിയമമന്ത്രി കിരണ്‍ റിജിജു ഇതേ പരിപാടിയില്‍ സംസാരിച്ചിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീണര്‍മാരുടെ നിയമനത്തിനായി ഒരു പാനല്‍ നിയോഗിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ സംബന്ധിച്ചുള്ള അഭിപ്രായം പറയുകയായിരുന്നു അദ്ദേഹം.

content highlight: Not wanting to trouble the Law Minister; OBJECTIVE Independence of Judiciary: Chief Justice