ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ തട്ടകത്തിൽ എത്തിച്ചതിന് പിന്നാലെ മികച്ച കൂടുതൽ താരങ്ങളെ യൂറോപ്പിൽ നിന്നും സൗദി പ്രോ ലീഗിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അൽ നസറും മറ്റ് പ്രമുഖ സൗദി ക്ലബ്ബുകളും എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
റൊണാൾഡോയെ വിജയകരമായി ക്ലബ്ബിൽ സൈൻ ചെയ്യിച്ചതിന് പിന്നാലെ മുൻ റയൽ മാഡ്രിഡ് താരവും നിലവിൽ പി.എസ്.ജിയുടെ പ്ലെയറുമായ സെർജിയോ റാമോസ്, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ ക്വാളിറ്റിയുള്ള താരങ്ങളെ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ അൽ നസർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
റാമോസ്, മോഡ്രിച്ച് എന്നിവരുടെ സൈനിങ് നടപടികൾ കാര്യമായി മുന്നോട്ട് പോകാഞ്ഞപ്പോൾ മറ്റു താരങ്ങളിലേക്ക് അൽ നസർ തിരിഞ്ഞു.
നിലവിൽ പി.എസ്.ജി താരമായ മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പറും റൊണാൾഡോയുടെ സഹതാരവുമായിരുന്ന കെയ്ലർ നവാസിനെ അൽ നസറിലേക്ക് എത്തിക്കാൻ ക്ലബ്ബിന് താല്പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ആഴ്ചയോടെ പൂർത്തിയാക്കുമെന്നുമുള്ള റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വന്നിരുന്നു.
പ്രമുഖ സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ നവാസിനെ ടീമിലെത്തിക്കാൻ അൽ നസർ കരുക്കൾ നീക്കുന്നുണ്ടെന്നായിരുന്നു മാർക്കയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
എന്നാലിപ്പോൾതാരം അൽ നസറിലേക്ക് പോകുന്നില്ലെന്നും
ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു ടീമിലേക്കും മാറുന്നില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ഇറ്റാലിയൻ ക്ലബ്ബായ നപ്പോളിയിലേക്ക് താരം പോകുമെന്ന അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നെങ്കിലും സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
എന്നാൽ 2024 വരെ നവാസിന് പി.എസ്.ജിയിൽ കരാറുണ്ട്. താരത്തിന്റെ റിലീസ് ക്ലോസ് തുകയെത്രയെന്ന് ഇതുവരെ ക്ലബ്ബ് തീരുമാനിച്ചിട്ടില്ല.
അതേസമയം സൗദി പ്രോ ലീഗിൽ 13 മത്സരങ്ങളിൽ നിന്നും 30 പോയിന്റുമായി ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ. ജനുവരി 22ന് ഇത്തിഫാക്കുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം. എന്നാൽ ക്ലബ്ബിൽ സൈൻ ചെയ്തെങ്കിലും റൊണാൾഡോ ഇതുവരെ അൽ നസറിനായി അരങ്ങേറ്റ മത്സരം കളിച്ചിട്ടില്ല.
ജനുവരി 19ന് വ്യാഴാഴ്ച സൗദി ഓൾ സ്റ്റാർസ് ഇലവനുമായി നടക്കുന്ന പി.എസ്.ജിയുടെ മത്സരത്തിലാണ് താരം സൗദി മണ്ണിൽ ആദ്യമായി കളിക്കുക. റൊണാൾഡോയായിരിക്കും മത്സരത്തിൽ സൗദി ഓൾ സ്റ്റാർസിനെ നയിക്കുക എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
എന്നാൽ ഇരു താരങ്ങളും മത്സരത്തിൽ ഉടനീളം കളിക്കുമോ എന്ന കാര്യം ഇതുവരെക്കും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Content Highlights:Not wanting to go to Al Nassr; Ronaldo’s former teammate rejects offer; Report