ന്യൂദല്‍ഹി: നിര്‍ഭയ ബലാംത്സംഗക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി വിനയ് ശര്‍മ്മയുടെ അഭിഭാഷകനെതിരെ വിമര്‍ശനവുമായി നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതി വിനയ് ശര്‍മയ്ക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് കാണിച്ച് അഭിഭാഷകന്‍ എ.പി സിംഗ് ദല്‍ഹി കോടതിയില്‍ ഹരജി നല്‍കിയതിനെതിരെയാണ് ഇവരുടെ വിമര്‍ശനം.
വിനയ് ശര്‍മ്മയ്ക്കല്ല അയാളുടെ അഭിഭാഷകനായ എ.പി സിംഗിനാണ് മാനസിക ബുദ്ധിമുട്ടുകളെന്നും അയാള്‍ക്കാണ് വിശ്രമം വേണ്ടതെന്നുമാണ് ആശാ ദേവി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയാണ് വിനയ് ശര്‍മ ദല്‍ഹി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. തനിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നും ചികിത്സ വേണമെന്നും ആവശ്യപ്പെട്ടാണ് വിനയ് ശര്‍മ ദല്‍ഹി കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്.
ഈസ്റ്റ് ദല്‍ഹിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹ്യൂമണ്‍ ബിഹേവിയര്‍ ആന്‍ഡ് അല്ലീഡ് സയന്‍സില്‍ നിന്നും ചികിത്സ തേടണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിനയ് ശര്‍മയുടെ അഭിഭാഷകനായ എ.പി സിംഗാണ് ഹരജി നല്‍കിയിരിക്കുന്നത്. നേരത്തെ പ്രതികള്‍ക്ക് കോടതി മരണവാറന്റ് പുറപ്പെടുവിച്ചപ്പോഴും എ.പി സിംഗ് സമാനമായ വാദം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഫെബ്രവരി 17 നാണ് ദല്‍ഹി കോടതി പ്രതികള്‍ക്ക് മരണ വാറന്റ് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കകം നിര്‍ഭയാ കേസിലെ നാലു പ്രതികളെയും തൂക്കിലേറ്റാനായിരുന്നു പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്.