ചണ്ഡിഗഡ്: ഹരിയാനയില്‍ വെച്ച് താന്‍ വെടിയേറ്റ് മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ദേശീയ ഗുസ്തി താരം നിഷ ദഹിയ. ഹരിയാനയിലെ സോനെപട്ടിലെ ഹലാല്‍പൂരിലെ സുശീല്‍ കുമാര്‍ അക്കാദമിയിലെ ദേശീയ ഗുസ്തി താരം നിഷ ദഹിയയെയും സഹോദരനെയും അജ്ഞാതർ വെടിവെച്ചുകൊന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് താരം രംഗത്തെത്തിയത്.
താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും, തന്റെ കുടുംബം സുരക്ഷിതരാണെന്നും നിഷ വീഡിയോയിലൂടെ പങ്കുവെച്ചു.
ഒളിപിംക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിനൊപ്പം, സീനിയര്‍ ദേശീയ മീറ്റിനായി താന്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുണ്ടെന്ന് നിഷ വീഡിയോയില്‍ പറയുന്നു.
നിഷയും സഹോദരനും അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും അമ്മ ധന്‍പതിക്കും വെടിവയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റെന്നും ഇവരെ റോത്തക്കിലെ പി.ജി.ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വ്യാജവാര്‍ത്ത സൃഷ്ടിച്ചവര്‍ക്കെതിരെ ഹരിയാന പൊലീസ് കേസെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച്ച സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍-23 ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോഗ്രാം വിഭാഗത്തില്‍ നിഷ വെങ്കലം നേടിയിരുന്നു. 2014-ല്‍ ശ്രീനഗറില്‍ നടന്ന കേഡറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് നിഷ ശ്രദ്ധാ കേന്ദ്രമാകുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Not True, Says Wrestler Nisha Dahiya After Reports Of Her Being Shot Dead