കോഴിക്കോട്: പെസഹ ദിനത്തില്‍ വിദ്വേഷ പ്രചരണവുമായി വര്‍ഗീയ സംഘടന കാസ. വിശുദ്ധ വാരത്തില്‍ പെസഹ ആചരണത്തിനായി ഉപയോഗിക്കുന്ന അപ്പം വീട്ടില്‍ തന്നെ ഉണ്ടാക്കണമെന്നും കര്‍ത്താവായ യേശുവിനെ പ്രവാചകനായി കാണുന്നവരുടെ കടകളില്‍ നിന്ന് വാങ്ങരുതെന്നും കാസ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. യേശുവിനെ പ്രവാചകനായി കാണുന്നവര്‍ എന്നത് മുസ്‌ലിം സമുദായത്തില്‍പെട്ടവരെ ഉദ്ദേശിച്ചാണ് പറഞ്ഞിരിക്കുന്നത്.
പെസഹ അപ്പം വിശ്വാസപരമായി പവിത്രമായതാണെന്നും അതുകൊണ്ട് തന്നെ അതിന്റെ പവിത്രതയെ മാനിക്കാതെ നിര്‍മിക്കുന്നവരുടെ കടകളില്‍ നിന്ന് വാങ്ങരുതെന്നും കാസ പറയുന്നു. വണിജ്യ അടിസ്ഥാനത്തില്‍ പെസഹ അപ്പം ഉണ്ടാക്കി വില്‍ക്കുന്നവര്‍ കച്ചവടം മാത്രമാണ് ലക്ഷ്യമിടുന്നത്.
മാത്രവുമല്ല വിശ്വാസപരമായ കാര്യത്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്ന് അറിയാവുന്ന നിര്‍മാതാക്കള്‍ അപ്പം അശുദ്ധിയാക്കാനുള്ള സാധ്യതയുണ്ടെന്നും കാസ പറയുന്നു. അതിനാല്‍ തന്നെ പെസഹ അപ്പം വീടുകളില്‍ തന്നെ ഉണ്ടാക്കാന്‍ ശ്രമിക്കണമെന്നും അതിന് സാധിക്കുന്നില്ലെങ്കില്‍ വീടുകളിലുണ്ടാക്കിയ അപ്പം ഉപയോഗിക്കുന്നവരുടെ സഹായം തേടാമെന്നും കാസ പറയുന്നു.
കാസയുടെ പ്രസ്താവനക്കെതിരെ വലിയ വിമര്‍ശനമാണ് ഇതിനോടകം ഉയര്‍ന്നിട്ടുള്ളത്. വിദ്വേഷം പ്രചരിപ്പിക്കുന്ന പോസ്റ്റിന് താഴെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന ആളുകളില്‍ നിന്ന് തന്നെ കാസക്കുള്ള മറുപടി ലഭിക്കുന്നുണ്ട്. വിശുദ്ധ വാരത്തിലെങ്കിലും നന്നായിക്കൂടെ എന്നാണ് ചിലര് കമന്റ് ചെയ്തിരിക്കുന്നത്.
യേശുവിനെ പ്രവാചകനായി കാണുന്നവരോടുള്ള വിരോധം യേശുവിന്റെ അനുയായികളെ ഇന്ത്യയില്‍ നിന്ന് വംശഹത്യ ചെയ്യണമെന്ന് പറയുന്നവരോടില്ലാത്തത് എന്ത്‌കൊണ്ടാണെന്നും ചിലര്‍ ചോദിക്കുന്നു. ലുലു മാളില്‍ നിന്ന് വാങ്ങാന്‍ പറ്റുമോ പതഞ്ജലിയുടെ അപ്പം നല്ലതാണോ എന്നെല്ലാം ചോദിച്ച് കാസയെ പരിഹസിക്കുന്നവരേയും ഈ പോസ്റ്റിന് താഴെ കാണാം. അപ്പം ഉണ്ടാക്കാനുള്ള അരിപ്പൊടി അജ്മിയുടേത് ഉപയോഗിക്കണോ അതോ വിശുദ്ധ നാടായ ഇസ്രഈലില്‍ നിന്ന് നേരിട്ടെത്തിക്കുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
content highlights: not to buy Pesaha appam from Muslim’s shops; says casa