തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാക്കേണ്ടതില്ലെന്ന് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനം. കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ 8 ന് എതിരെ 12 വോട്ടുകള്‍ക്ക് പ്രമേയം തള്ളിപ്പോവുകയായിരുന്നു.അതേസമയം, സിന്‍ഡിക്കേറ്റ് തീരുമാനത്തിന് ശേഷം കോളേജിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അതേസമയം, ലക്ഷ്മി നായര്‍ ഡോക്ടറേറ്റ് നേടിയത് അനധികൃത മാര്‍ഗ്ഗത്തിലൂടെയാണെന്ന പരാതി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ലക്ഷ്മി നായരുടെ എല്‍.എല്‍.ബി ബിരുദത്തെ കുറിച്ചാണ് അന്വേഷിക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴിയായിരുന്നു ലക്ഷ്മി നായര്‍ എല്‍.എല്‍.ബിയ്ക്ക് ചേരുന്നത്. ഇതേസമയം ആന്ധ്ര വെങ്കിടേശ്വര സര്‍വ്വകലാശാലയില്‍ എം.എ ഹിസ്റ്ററിയ്ക്കും ലക്ഷ്മി നായര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരേസമയം രണ്ട് കോഴ്‌സ് പഠിക്കാന്‍ വ്യവസ്ഥതയില്ലാത്തതിനാല്‍ കേരള സര്‍വ്വകലാശാലയുടെ നിയമം പ്രകാരം എല്‍.എല്‍.ബി ബിരുദത്തിന് നിയമസാധുതയില്ല.
അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ചുള്ള പരാതികളും അന്വേഷിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇന്റേണല്‍ മാര്‍ക്കിന്റെ ഘടന പരിഷ്‌കരിക്കാനും ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ അനുരാധ പി.നായരില്‍ നിന്നും തെളിവെടുക്കാനും സിന്‍ഡിക്കേറ്റില്‍ തീരുമാനമായി.