വെടി നിര്‍ത്തലിന് സമയമായില്ലെന്ന് അമേരിക്ക; ഫലസ്തീന് വേണ്ടി ചൈനീസ് വിദേശകാര്യമന്ത്രി അമേരിക്കയില്‍
വാഷിങ്ടണ്‍: ഇസ്രഈല്‍ – ഹമാസ് യുദ്ധത്തില്‍ വെടി നിര്‍ത്തലിന് സമയമായില്ലെന്ന് അമേരിക്ക. വെടിനിര്‍ത്തല്‍ ഹമാസിനെ കൂടുതല്‍ ശക്തമാക്കുമെന്ന് വൈറ്റ്ഹൗസ്.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് കൂടുതല്‍ തയ്യാറെടുപ്പിന് സഹായകമാകുവെന്നും ഇസ്രഈലിന് നേരെയുള്ള കൂടുതല്‍ ആക്രമണത്തിനിടയാകുമെന്നും അമേരിക്കന്‍ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനായി യുദ്ധത്തിന് ഇടവേള ആവശ്യമുണ്ടെന്ന യു.എന്നിന്റെയും യൂറോപ്യന്‍ യൂണിയന്റെയും ആവശ്യത്തിന് എതിരാണ് അമേരിക്കയുടെ വാദം.
ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിച്ചാല്‍ മാത്രമേ വെടിനിര്‍ത്തലിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗസയിലേക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ യു.എസ് പരമാവധി ശ്രമിക്കുന്നതായി മില്ലര്‍ അറിയിച്ചു. ഇതിനായി യു.എസ് പ്രതിനിധി ഡേവിഡ് സാറ്റര്‍ഫീല്‍ഡ് തീവ്രമായി ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധമവസാനിപ്പിക്കാനായി ചൈനീസ് വിദേശകാര്യമന്ത്രി അമേരിക്കയില്‍ സന്ദര്‍ശനം നടത്താനിരിക്കുന്ന സന്ദര്‍ഭത്തിലാണ് അമേരിക്കയുടെ പ്രസ്താവന.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഒക്ടോബര്‍ 26ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടികാഴ്ച നടത്തും.
യു.എസിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വാങ് യി ഇസ്രഈലിന്റെയും ഫലസ്തീന്റെയും വിദേശ കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. അദ്ദേഹം യുദ്ധത്തില്‍ ദുഖം രേഖപ്പെടുത്തിയതായും ഇതിന്റെ ഭാഗമായി അദ്ദേഹം യു.എസിനോട് വെടിനിര്‍ത്തലിന് ആവശ്യപ്പെടുമെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ചൈന ഇടപെടണമെന്നാവശ്യപ്പെട്ട് ബ്ലിങ്കന്‍ വാങ് യിയെ വിളിച്ചിരുന്നു.
content highlight: Not the time for ceasefire in gaza US