ന്യൂദൽഹി: ലോക് ഡൗണിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ ഉത്തർപ്രദേശിൽ നിന്നുള്ള അതിഥി തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ തീരുമാനത്തെ വിമർശിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
ബസുകളിൽ അതിഥി തൊഴിലാളികളെ തിരികെയെത്തിക്കുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചിരുന്നുവെന്നും എന്നാൽ ഇതല്ല അതിനുള്ള സമയമെന്നും എൻ.ഡി.ടി.വിയോട് നിതിൻ ഗഡ്കരി പ്രതികരിച്ചു. ആർക്കെങ്കിലും ഇതുവഴി വെെറസ് ബാധയേറ്റാൽ അത് ഉത്തർപ്രദേശിൽ വലിയൊരു പ്രശ്നമായി തീരും. അദ്ദേഹം പറഞ്ഞു.
”നിലവിൽ രാജ്യത്ത് എല്ലായിടത്തും കൊറോണ വെെറസ് ഉണ്ട്. അതിഥി തൊഴിലാളികൾ തിരിച്ചെത്തുകയാണെങ്കിൽ തന്നെ അവർ ഒറ്റയ്ക്ക് ആയിരിക്കില്ല വരുന്നത്. വെെറസും അവരോടൊപ്പം എത്താൻ സാധ്യതയുണ്ട്. അതിഥി തൊഴിലാളികളെ തിരികെയെത്തിക്കുന്നതിന് മുൻപ് അവരിൽ കൊറോണ വെെറസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇപ്പോഴത്തെ സാഹചര്യം പ്രയാസകരം തന്നെയാണ്. അതിഥി തൊഴിലാളികൾക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടത്”. നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.
നേരത്തെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും സമാന അഭിപ്രായവുമായി രംഗത്ത് എത്തിയിരുന്നു. അന്തർസംസ്ഥാന യാത്രകൾ അനുവദിക്കുകയാണെങ്കിൽ ലോക്ക് ഡൗൺ കൊണ്ട് കാര്യമില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം അതിഥി തൊഴിലാളികളെ നാട്ടിലേക്ക്. തിരികെയത്തിക്കാൻ പ്രത്യേക ട്രെയിൻ സർവ്വീസ് ഏർപ്പെടുത്തണമെന്ന് മഹാരാഷ്ട്ര കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.