| Friday, 31st March 2023, 8:26 am

ഇന്ത്യയിൽ പോയി ലോകകപ്പ് കളിച്ചില്ലെങ്കിൽ പണി പാളും; പാകിസ്ഥാൻ ടീമിന് മുന്നറിയിപ്പ് നൽകി പാക് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ്‌ ലോകത്തിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കുന്നത്.

ഇരു രാജ്യങ്ങൾക്കും പുറമേ മറ്റ് രാജ്യങ്ങളിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടാലും ഇന്ത്യ-പാക്  മത്സരങ്ങൾ കാണാൻ വലിയ രീതിയിൽ കാണികൾ എത്തിച്ചേരാറുണ്ട്.

എന്നാൽ പാകിസ്ഥാനിൽ വെച്ച് നടത്തപ്പെടുന്ന ഏഷ്യ കപ്പ്‌ മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കുന്നില്ല എന്ന് ബി.സി.സി.ഐ അധികൃതർ അറിയിച്ചതിന് തൊട്ട് പിന്നാലെ ഇന്ത്യയിൽ വെച്ച് നടത്തപ്പെടുന്ന ഏകദിന ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ്‌ അസോസിയേഷനും അറിയിക്കുകയായിരുന്നു.

ഇതോടെ പ്രസിദ്ധമായ ഇന്ത്യ-പാക് മത്സരങ്ങൾ രണ്ട് ടൂർണമെന്റിലും കാണാൻ കഴിയില്ല എന്ന നിരാശയിലാണ് ക്രിക്കറ്റ്‌ ആരാധകർ.
എന്നാൽ ഇന്ത്യയിൽ ലോകകപ്പ് കളിക്കേണ്ടതില്ല എന്ന തീരുമാനം നല്ലതായി തോന്നുന്നില്ലെന്നും ടൂർണമെന്റിൽ നിർബന്ധമായും പാകിസ്ഥാൻ കളിച്ചിരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ഡാനിഷ് കനേരിയ.

“ഇന്ത്യൻ ടീം എന്തായാലും പാകിസ്ഥാനിൽ വന്ന് കളിക്കാൻ പോകുന്നില്ല. ഇന്ത്യയെക്കൂടാതെ പാകിസ്ഥാനിൽ വെച്ച് ഏഷ്യാ കപ്പ് മത്സരങ്ങൾ നടത്താമെന്ന് പാകിസ്ഥാൻ തീരുമാനിച്ചാൽ അത് അങ്ങനെ തന്നെ മുന്നോട്ട് പോകും. പക്ഷെ പാകിസ്ഥാൻ ലോകകപ്പ് കളിക്കുന്നില്ലെന്ന തീരുമാനം ഉറപ്പിച്ചാൽ അത് നല്ലൊരു ഡിസിഷനാണെന്ന് എനിക്ക് തോന്നുന്നില്ല,’ കനേരിയ പറഞ്ഞു.

“നിങ്ങൾക്ക് ഫ്രണ്ട് ഫൂട്ട് കളിക്കണമെങ്കിൽ ഒരുപാട് ഔട്ട്‌ സ്വിങേഴ്സിനെയും ഇൻ സ്വിങേഴ്സിനെയും പ്രതിരോധിക്കണം. അല്ലെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരും. ലോകകപ്പ് പോലുള്ള വലിയ ഐ.സി.സി വേദികളിൽ പ്രത്യേകിച്ചും,’ കനേരിയ കൂട്ടിച്ചേർത്തു.

അതേസമയം രാജ്യാന്തര മത്സരങ്ങളുടെ നീണ്ട ഷെഡ്യൂളിന് ശേഷം ഇന്ത്യയിൽ ആഭ്യന്തര ടി-20 ലീഗായ ഐ.പി.എൽ ആരംഭിക്കുകയാണ്.
മാർച്ച് 31ന് ആരംഭിക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെയാണ് നേരിടുന്നത്.

Content Highlights:Not the good move Danish Kaneria said Pakistan boycotting ICC ODI World Cup in India is not good for pakisthan

We use cookies to give you the best possible experience. Learn more