'ശ്രീരാമന്‍ ഒളിഞ്ഞുകേട്ടാണ് സീതയെക്കുറിച്ചുള്ള പൊതുഅഭിപ്രായം മനസ്സിലാക്കിയത്'; മികച്ച ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ലെന്ന് കങ്കണ
Pegasus Project
'ശ്രീരാമന്‍ ഒളിഞ്ഞുകേട്ടാണ് സീതയെക്കുറിച്ചുള്ള പൊതുഅഭിപ്രായം മനസ്സിലാക്കിയത്'; മികച്ച ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കുന്നത് പുത്തരിയല്ലെന്ന് കങ്കണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st July 2021, 8:50 am

മുംബൈ: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.

പുരാതന കാലങ്ങളില്‍ പോലും മഹാരാജാക്കന്മാര്‍ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലെ ആളുകളുടെ വീടുകള്‍ രഹസ്യമായി സന്ദര്‍ശിച്ച് എന്താണ് പറയുന്നതെന്ന് ഒളിഞ്ഞുകേള്‍ക്കാറുണ്ടെന്ന് കങ്കണ പറഞ്ഞു. ഒളിഞ്ഞുകേള്‍ക്കല്‍ ഭരണത്തിന്റെ ഭാഗമാണെന്നും കങ്കണ പറയുന്നു.

ഭരണാധികാരികള്‍ ഒളിഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു എന്നതിന് രാമായണത്തില്‍ ഉദാഹരണമുണ്ടെന്ന് പറഞ്ഞ കങ്കണ ശ്രീരാമനും ജനങ്ങളുടെ സംഭാഷണം ഒളിഞ്ഞുകേട്ടിട്ടുണ്ടെന്നും അങ്ങനെ ഒളിഞ്ഞുകേട്ടപ്പോഴാണ് സീതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അഭിപ്രായം മനസ്സിലായതെന്നും പറഞ്ഞു.

പൊതുവായ പ്രശ്‌നം അറിയാനും ജനങ്ങളുടെ മനസ്സറിയാനും ഒളിഞ്ഞുകേള്‍ക്കുന്നതില്‍ തെറ്റില്ലെന്നാണ് കങ്കണ പറയുന്നത്. അതുംപറഞ്ഞ് വെറുതെ അലമുറയിടേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.

താന്‍ പെഗാസസിനെ കുറിച്ചല്ല പറയുന്നതെന്നു പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റ് കങ്കണ അവസാനിപ്പിക്കുന്നത്.

കേന്ദ്രമന്ത്രിമാരുടെ അടക്കം ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധിയാളുകളുടെ ഫോണുകള്‍ പെഗാസസ് ചോര്‍ത്തിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പെഗാസസ് വിവാദം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ, ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രഈല്‍ ചാര സോഫ്റ്റ് വെയര്‍ വിലയ്ക്ക് വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്‌സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Not talking about Pegasus’: Kangana Ranaut says ‘kings’ have right to know about ‘antisocial elements’