| Monday, 16th August 2021, 1:31 pm

വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്; പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാന്‍ ജനതയ്‌ക്കൊപ്പമെന്ന് വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: അഫ്ഗാനിസ്ഥാനില്‍ നിരന്തര അക്രമണങ്ങള്‍ക്ക് ശേഷം അധികാരം പിടിച്ചെടുത്ത ഭീകരസംഘടന താലിബാനെതിരെ നിലപാട് പ്രഖ്യാപിച്ച് മുന്‍ എം.എല്‍.എ വി.ടി. ബല്‍റാം.

വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പമാണ് താനെന്നും വി.ടി. ബല്‍റാം പറഞ്ഞു.

അവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പമാണെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും ഗായകരായ സിതാര കൃഷ്ണകുമാര്‍, ഹരീഷ് ശിവരാമകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

മുഖംമൂടി അണിഞ്ഞ വര്‍ഗീയവാദികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നായിരുന്നു സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്. ഇത്തരക്കാരെ നേരത്തെ ഒറ്റപ്പെടുത്തിയാല്‍ ഒരു പരിധിവരെ കാബൂള്‍ ആവര്‍ത്തിക്കാതിരിക്കാമെന്നും ജൂഡ് പറഞ്ഞു.

മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാനെ പിന്തുണക്കുന്നവര്‍ തന്നെ അണ്‍ഫോളോ ചെയ്തുപോകണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലെഴുതിയത്.

‘ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അണ്‍ഫോളോ/ അണ്‍ഫ്രണ്ട് ചെയ്ത് പോകണം.

ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സിത്താര വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇരുവരുടെയും പോസ്റ്റിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

അതേസമയം, അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി.
ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

വിസ്മയമല്ല,
നിരാശയാണ് തോന്നുന്നത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പം.
അവിടത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Not surprisingly, it feels frustrating; VT Balram Facebook post about afghanistan

We use cookies to give you the best possible experience. Learn more