മുംബൈ: മുംബൈയിലെ മെഡിക്കല്‍ വിദ്യാര്‍ഥിനി പായല്‍ തഡ്‌വിയുടേത് ആത്മഹത്യയല്ല കൊലപാതകമെന്ന് അഭിഭാഷകന്‍. പ്രതികള്‍ പായതിന്റെ മൃതശരീരം മറ്റെവിടെയോ കൊണ്ടുപോയതിനുശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ അട്ടിമറി സംശയിക്കുന്നുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
അഭിഭാഷകനായ നിതിന്‍ സല്യൂട്ടാണ് പായലിന്റെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരായത്. ‘ പ്രതികള്‍ പായലിന്റെ മൃതശരീരം മറ്റെവിടെയോ കൊണ്ടുപോയതിനുശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതിനാല്‍ അട്ടിമറി സംഭവിച്ചതായി സംശയമുണ്ട്. മരണപ്പെടാനുണ്ടായ സാഹചര്യവും ശരീരത്തിലെ നീലനിറവും വ്യക്തമാക്കുന്നത് ഇത് കൊലപാതകമാകാനുള്ള സാധ്യതയുണ്ടെന്നാണ്. അതിനാല്‍ ഇത് കൊലപാതകമായി കണ്ടുതന്നെ പൊലീസ് അന്വേഷണം നടത്തണം.’ എന്നാണ് സല്യൂട്ട് പറഞ്ഞത്.
പായലിന്റെ മൃതദേഹം കണ്ടെത്തിയ മുറി അകത്തുനിന്നും പൂട്ടിയിരുന്നെന്നും അതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്റെ വാദം.
പായലിന്റെ കഴുത്തില്‍ കുരുക്കിന്റെ പാടുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പായലിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടര്‍മാരെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. നിരന്തരമായ ചൂഷണവും, ജാത്യധിക്ഷേപവുമാണ് രണ്ടാം വര്‍ഷ ഗൈനക്കോളജി വിഭാഗം വിദ്യാര്‍ത്ഥിനിയായ തട്വിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് വാദം.
സീനയര്‍മാരായ ഡോ. ഹേമ അഹുജ, ഡോ. അങ്കിത ഖാണ്ടേവാല്‍, ഡോ.ഭക്തി മെഹറെ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പട്ടിക ജാതി, പട്ടിക വര്‍ഗ(അക്രമം തടയല്‍) നിയമം, ആത്മഹത്യാ പ്രേരണ, മഹാരാഷ്ട്ര റാഗിങ് നിരോധന നിയമം, 1999 തുടങ്ങിയ വകുപ്പുകളിലാണ് ഇവരെ അറസ്റ്റു ചെയ്തത്.
സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാത്യധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണു തന്റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് തട്‌വിയുടെ അമ്മ ആബിദ സല്‍മാന്‍ നേരത്തെ ആരോപിച്ചിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു പായല്‍.
മകള്‍ മരിക്കുന്നതിനു മുന്‍പുതന്നെ അവര്‍ പ്രതികള്‍ക്കെതിരേ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. അവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്ന് ആബിദ പറഞ്ഞിരുന്നു.
എന്നാല്‍ ആശുപത്രി ഡീന്‍ രമേഷ് ഭര്‍മല്‍ ആരോപണം നിഷേധിച്ചിരുന്നു. ഇതുവരെ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ റാഗിങ് വിരുദ്ധ സമിതി രൂപീകരിച്ച് ഡോക്ടര്‍മാരെ വിളിച്ചിരുന്നെന്നും എന്നാല്‍ അവര്‍ മുംബൈയില്‍ ഇല്ലായിരുന്നുവെന്നും രമേഷ് പറഞ്ഞു. അവര്‍ തിരിച്ചെത്തിയാല്‍ ഉടന്‍തന്നെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
‘എപ്പോഴൊക്കെ എന്നോട് മകള്‍ ഫോണില്‍ സംസാരിക്കുമ്പോഴും ഈ മൂന്നുപേരും അവളെ കളിയാക്കാറുണ്ട്. അവളൊരു ആദിവാസിവിഭാഗത്തില്‍ പെട്ടയാളായതുകൊണ്ട് ആ പേരിലായിരുന്നു അവരുടെ പരിഹാസമൊക്കെയും. അവള്‍ക്കു നീതി ലഭിക്കണം.’- എന്ന് ആബിദ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞിരുന്നു.
അര്‍ബുദബാധിതയാണ് ആബിദ. ആശുപത്രി മാനേജ്‌മെന്റ് തക്കസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ പായലിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും മൂന്ന് ഡോക്ടര്‍മാരുടെ കരിയര്‍ നശിക്കില്ലായിരുന്നെന്നും അവരുടെ സഹപ്രവര്‍ത്തക എന്‍.ഡി.ടി.വിയോടു പറഞ്ഞിരുന്നു.
മെയ് 22നാണ് ബി.വൈ.എല്‍ നായര്‍ ആശുപത്രിയിലെ ഹോസ്റ്റലില്‍ പായലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.