ബംഗലൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ രൂപീകരണത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടു സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി ചില പ്രശ്നങ്ങളുണ്ടെന്ന് കുമാരസ്വാമി സമ്മതിച്ചു. എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാര്‍ താഴെ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നുണ്ട്. പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങില്ല.”
അന്തസ്സും അഭിമാനവും പണയംവച്ച് മുഖ്യമന്ത്രി സ്ഥാനത്തു തുടരില്ല. വകുപ്പു വിഭജനത്തെയും കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനെയും കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കവെ കുമാരസ്വാമി പറഞ്ഞു.
വകുപ്പു വിഭജനവും മന്ത്രിസഭാ വിപുലീകരണവും സംബന്ധിച്ച് ഹൈക്കമാന്റുമായി ചര്‍ച്ച ചെയ്യാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ദല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി പരമേശ്വര, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരുമായി കുമാരസ്വാമി ചര്‍ച്ച നടത്തിയതായാണ് റിപ്പോട്ടുകള്‍.