| Saturday, 5th March 2022, 1:50 pm

പദവിയല്ല, നിലപാടാണ് വലുത്; ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം: പി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: പാര്‍ട്ടിയില്‍ പദവിയല്ല നിലപാടാണ് വലുതെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സി.പി.ഐ.എം എന്നും ജയരാജന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നും സി.പി.ഐ.എമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോണ്‍ഗ്രസിനുണ്ടോ. അതില്‍ സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകള്‍ മാറികൊണ്ടിരിക്കുകയാണെന്നും പി. ജയരാജന്‍ പറഞ്ഞു.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പി. ജയരാജനില്ലെന്ന് അറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ജയരാജനെ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ്.ബി പേജില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ‘പി.ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ്.ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്.

‘കണ്ണൂരിന്‍ ചെന്താരകമല്ലോ ജയരാജന്‍’ എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതില്‍ അനുയായികളുടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടില്ല.


Content Highlights: Not status, but position is great: P Jayarajan

We use cookies to give you the best possible experience. Learn more