| Wednesday, 23rd June 2021, 10:44 pm

ഹനുമാനൊരു പ്രതിസന്ധി വരുമ്പോള്‍ രാമന്‍ മിണ്ടാതിരിക്കാമോയെന്ന് മോദിയോട് ചിരാഗ് പാസ്വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എല്‍.ജെ.പിയില്‍ തുടരുന്ന പ്രതിസന്ധിയില്‍ ബി.ജെ.പി. ഇടപെടാത്തതിലുള്ള അമര്‍ഷം വീണ്ടും പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്‍.

ഹനുമാന്‍ അപകടത്തില്‍പ്പെടുമ്പോള്‍ മിണ്ടാതിരിക്കുന്നത് രാമന് ചേര്‍ന്ന രീതിയല്ലെന്നാണ് ചിരാഗ് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചായിരുന്നു ചിരാഗിന്റെ പ്രസ്താവന. താന്‍ മോദിയുടെ ഹനുമാനാണെന്ന് നേരത്തെ ചിരാഗ് പറഞ്ഞിരുന്നു.

” സത്യയുഗം മുതല്‍ ഇന്നുവരെ ഹനുമാന്‍ രാമനെ ഓരോ ഘട്ടത്തിലും പിന്തുണച്ചു. ചെറുതും വലുതുമായ എല്ലാ തീരുമാനങ്ങളിലും ഹനുമാന്‍ രാമനോടൊപ്പം ഓരോ ഘട്ടത്തിലും നടന്നു, ഓരോ ഘട്ടത്തിലും തന്റെ പാര്‍ട്ടി എല്‍.ജെ.പി. നരേന്ദ്ര മോദി ജിയോടൊപ്പം നില്‍ക്കുന്നു,” ചിരാഗ് പറഞ്ഞു.

എല്ലാ തീരുമാനങ്ങളിലും ബി.ജെ.പിയുമായി ഉറച്ചുനിന്ന ഹനുമാന്‍ എന്ന നിലയില്‍, ഇന്ന് എല്‍.ജെ.പിയുടെ പ്രതിസന്ധിയുടെ സമയം വന്നിരിക്കുമ്പോള്‍ ബി.ജെ.പി. അതില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എങ്ങനെയെങ്കിലും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണമെന്നും ചിരാഗ് പറഞ്ഞു.

” ബി.ജെ.പിയുടെ നിശബ്ദത തീര്‍ച്ചയായും എന്നെ സങ്കടപ്പെടുത്തി. എന്നിട്ടും, പ്രധാനമന്ത്രിയില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് ഞാന്‍ പറയും, സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിലൂടെ, ഈ രാഷ്ട്രീയ പ്രശ്നം പരിഹരിക്കാന്‍ അദ്ദേഹം തീര്‍ച്ചയായും ഇടപെടും, ”ചിരാഗ് പാസ്വാന്‍
പറഞ്ഞു.

ബി.ജെ.പിയുടെ മൗനം വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ് നേരത്തെ ചിരാഗ് രംഗത്തെത്തിയിരുന്നു.
താനും തന്റെ പിതാവ് രാം വിലാസ് പാസ്വാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമൊപ്പം പാറപോലെ നിന്നിരുന്നുവെന്നും എന്നാല്‍ ഈ ദുഷ്‌കരമായ സമയങ്ങളില്‍ ബി.ജെ.പി. കൂടെ നിന്നില്ലെന്നും പാസ്വാന്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നത രൂപപ്പെട്ടതിനെത്തുടര്‍ന്ന് ചിരാഗ് പാസ്വാനെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിമതര്‍ പുറത്താക്കിയിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ നീക്കം ചെയ്യുന്നുവെന്നായിരുന്നു വിമത എം.പിമാര്‍ പറഞ്ഞത്. എല്‍.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായിരുന്നു ചിരാഗ് പാസ്വാന്‍. ഇതിനുപിന്നാലെ പശുപതി പരസ് അടക്കം അഞ്ചു വിമത എം.പിമാരെ ചിരാഗ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് വാര്‍ത്തയായിരുന്നു.

ഇതോടെ ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എം.പിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി വിമതര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Not Right For “Ram“…”: Chirag Paswan Reaches Out To PM After LJP Coup

We use cookies to give you the best possible experience. Learn more