മലക്കം മറിഞ്ഞ് അല്‍പേഷ് താക്കൂര്‍; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും എം.എല്‍.എ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം
national news
മലക്കം മറിഞ്ഞ് അല്‍പേഷ് താക്കൂര്‍; കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും എം.എല്‍.എ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ കഴിയില്ലെന്നും കോടതിയില്‍ സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th June 2019, 8:02 am

അഹമ്മദാബാദ്: പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച അല്‍പേഷ് താക്കൂറിനെ എം.എല്‍.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ വിശദീകരണവുമായി അല്‍പേഷ് താക്കൂര്‍. താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അയോഗ്യനാക്കാന്‍ കഴിയില്ലെന്നും ഗുജറാത്ത് ഹൈക്കോടതിയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ താക്കൂര്‍ പറഞ്ഞു.

താന്‍ ഇപ്പോഴും കോണ്‍ഗ്രസ് അംഗം തന്നെയാണെന്നും പാര്‍ട്ടി പദവികളില്‍ നിന്നാണ് ഒഴിഞ്ഞതെന്നും താക്കൂര്‍ പറഞ്ഞു. തന്റെ രാജി തെളിയിക്കുന്ന രേഖകളൊന്നും കോണ്‍ഗ്രസിന് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും രാജി സ്വീകരിച്ചുവെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കിയില്ലെന്നും താക്കൂര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

അല്‍പേഷ് താക്കൂര്‍ വാട്‌സ്ആപ്പ് വഴി നല്‍കിയ രാജി അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് കോടതിയില്‍ പരാതി നല്‍കിയത്. രാജി സ്വീകരിച്ചതായി കോണ്‍ഗ്രസ് അല്‍പേഷിനെ അറിയിച്ചിരുന്നില്ല.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയാണെന്നും താക്കൂര്‍ സേന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് രാജിയെന്നും അല്‍പേഷ് താക്കൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അല്‍പേഷ് രാധന്‍പൂര്‍ മണ്ഡലത്തില്‍ നിന്നും എം.എല്‍.എയായത്. ഏപ്രിലില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രാജി പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നുള്ള എല്ലാ പദവികളും രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ വാട്‌സ്ആപ്പ് വഴിയുള്ള സ്വകാര്യ ചാറ്റ് നിയമപരമായി കാണാന്‍ കഴിയില്ലെന്നാണ് അദ്ദേഹം ഇപ്പോള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുകയും പാര്‍ട്ടിയിലുണ്ടായിരിക്കെ വഹിച്ച എല്ലാ പദവികളും ഒഴിയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അല്‍പേഷ് താക്കൂര്‍ എം.എല്‍.എയായി തുടരുന്നതില്‍ കോണ്‍ഗ്രസ് നേതാവായ അശ്വിന്‍ കോട്വാളാണ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.