കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നടത്തിയ പരാമര്‍ശം വംശീയാധിക്ഷേപമല്ല എന്ന് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജയരാജന്റെ പരാമര്‍ശം നാക്ക് പിഴയാല്‍ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എമ്മിന്റെ പ്രതിരോധ ജാഥയുടെ ഭാഗമായി എറണാകുളത്ത് മാധ്യമങ്ങളാേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതെങ്കിലും ഒരാളെ പേര് കൊണ്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കളര്‍ കൊണ്ടോ വേര്‍തിരിച്ച് കാര്യം അവതിരിപ്പിക്കുന്ന രീതിയോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിന് ഒരു തരത്തിലുമുള്ള യോജിപ്പ് ഇല്ലെന്നും ശരിയായ നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘പേരില്‍ ബിന്‍ ഉണ്ട്, അത് വെച്ച് പറഞ്ഞ് പോയതാണ്. അത്രയേയുള്ളൂ. അതില്‍ സ്റ്റിക്ക് ഓണ്‍ ചെയ്ത് നില്‍ക്കുന്നില്ല. ഇതില്‍ വംശീയതയില്ല. മുസ്‌ലിം അല്ലേ. മുസ്‌ലിം വംശത്തിന് ഒരു പേര് മാത്രമാണോ ഉണ്ടാകുക. ഞാന്‍ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞതേയല്ല എന്ന് ജയരാജന്‍ കൃത്യമായി പറയുകയാണ്. പിന്നെന്തിനാണ് വേറെ കാര്യം ആലോചിച്ച് കൊണ്ടിരിക്കുന്നത്. അത്രയേയുള്ളൂ,’ എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടും വീണ്ടും മാധ്യമങ്ങള്‍ ചോദിക്കുന്നത് കൊണ്ടാണ് ന്യായീകരിക്കേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇ.ഡിക്കെതിരെയും ഭരണഘടനാസ്ഥാപനങ്ങളെ ആര്‍.എസ്.എസ്‌വല്‍ക്കരിക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരുമായാണ് തങ്ങള്‍ ജാഥ നടത്തുന്നതെന്നും പല മേഖലയിലുള്ള ജനങ്ങള്‍ ജാഥക്ക് പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാഥയില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍, പട്ടയം കിട്ടിയവര്‍, യൂണിഫോം ധരിക്കാന്‍ സൗകര്യം കിട്ടിയിട്ടുള്ള ആദിവാസി മേഖയലയിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറായ നൗഫല്‍ ബിന്‍ യൂസഫിന്റെ പേരില്‍ ബിന്‍ ലാദന്‍ എന്ന് ചേര്‍ത്ത് പറഞ്ഞ പരാമര്‍ശം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രതിരോധ ജാഥ എറണാകുളത്താണിപ്പോള്‍ പര്യടനം ചെയ്യുന്നത്.