| Wednesday, 8th April 2020, 3:56 pm

ഏപ്രില്‍ 14 ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാവില്ല; രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14 ന് പിന്‍വലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

രാജ്യത്ത് 5000ത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നത് അസാധ്യമാണെന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി അഭിപ്രായപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ലോക്ക് ഡൗണ്‍ എന്നുവരെ തുടരണം എന്നതില്‍ പ്രഖ്യാപനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരേണ്ടി വരുമെന്നാണ് യോഗത്തില്‍ കക്ഷി നേതാക്കള്‍ അറിയിച്ചത്. നിലവില്‍ സ്ഥിതി ആശങ്കാജനകമാണെന്നും നേതാക്കള്‍ അറിയിച്ചു.

പൊതുഇടങ്ങള്‍ മേയ് 15വരെ അടച്ചിടണമെന്നാണ് കേന്ദ്രമന്ത്രിസഭാ സമിതിയുടെ ശുപാര്‍ശ. ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി പൊതു ഇടങ്ങള്‍ മേയ് 15വരെ അടച്ചിടണമെന്നാണ് കേന്ദ്ര മന്ത്രിമാരുടെ സമിതി ശുപാര്‍ശ ചെയ്തിട്ടുള്ളത്.

സംസ്ഥാന അതിര്‍ത്തികള്‍ ഉടന്‍ തുറക്കരുത്. കര്‍ശന നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കാമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക്ക് ഡൗണ്‍ തുടരണമെന്ന് യു.പിയും മധ്യപ്രദേശും രാജസ്ഥാനും പഞ്ചാബും തെലങ്കാനയും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിത പ്രദേശങ്ങള്‍, രോഗ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍, ഗുരതരാവസ്ഥയിലുള്ള മേഖലകള്‍ എന്നിങ്ങനെ മൂന്നായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

ആകാശ നിരീക്ഷണം ഏര്‍പ്പെടുത്തണം. മാസ്‌ക്കുകള്‍ നിര്‍ബന്ധമാക്കിയും, തെര്‍മല്‍ സ്‌ക്രീനിങ് ഏര്‍പ്പെടുത്തിയും പൊതുഗതാഗതം അനുവദിക്കാം. കൊയ്ത്തിനും മറ്റ് കാര്‍ഷിക വൃത്തികള്‍ക്കും അനുമതി നല്‍കണം. സംസ്ഥാനാന്തര ബസ്, മെട്രോ സര്‍വീസുകള്‍ ഉടന്‍ പുന:സ്ഥാപിക്കേണ്ടതില്ല. ട്രെയിന്‍, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഘട്ടംഘട്ടമായി അനുവദിക്കാം.

ഇടത്തരം നഗരങ്ങളില്‍ ഉള്‍പ്പെടെ കച്ചവട സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാം. വാഹനങ്ങള്‍ക്ക് ഒറ്റ ഇരട്ട അക്ക നിയന്ത്രണം ഏര്‍പ്പെടുത്തണം. അടിസ്ഥാന സൗകര്യ വികസനമേഖലയിലടക്കം നിര്‍ദേശങ്ങള്‍ പാലിച്ച് പ്രവര്‍ത്തനാനുമതി നല്‍കാം എന്നിവയാണ് മന്ത്രിതല സമിതിയുടെ ശുപാര്‍ശ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more