റാഞ്ചി: സുമിതാ ഭട്ടാചാര്യ, ബൈസാകി ഗോപെ, മണി മല സിക്ക്ദര്‍, പിന്നെ സുനിത ഗോപെ ഇവരൊന്നും മഹാന്മാരല്ല. രാഷ്ട്രീയ നേതാക്കന്മാരോ സാമൂഹ്യ പ്രവര്‍ത്തകരോ അല്ല. എന്നാല്‍ ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ബം ജില്ലയിലെ പോട്ക ബ്ലോക്കിലെത്തിയാല്‍ നിങ്ങളെ സ്വാഗതം ചെയ്യുക ഇവരുടെ പേരിലുള്ള തെരുവുകളായിരിക്കും.
തലസ്ഥാന നഗരിയായ റാഞ്ചിയില്‍ നിന്നും ഏകദേശം 150 കിലോ മീറ്റര്‍ അകലെയുള്ള ജുരി ഗ്രാമമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാനായി ഈ വ്യത്യസ്തമായ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്. 600 ല്‍ പരം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഒരു ഹൈസകൂള്‍ പോലുമില്ല. മൂന്ന് കിലോമീറ്റര്‍ നടന്നാണ് ഹൈസ്‌കൂളിലേക്ക് പോകുന്നത്. കോളേജാകട്ടെ 30 കിലോമീറ്റര്‍ അകലെയും. ഗ്രാമത്തിലെ ഏക വിദ്യാലയത്തില്‍ 300 കുട്ടികളെ പഠിപ്പിക്കുന്നത് വെറും അഞ്ച് അധ്യാപകരും.
ഈ കഷ്ടതകളില്‍ നിന്നും പഠിച്ച് ഉന്നത വിജയം നേടിയ പെണ്‍കുട്ടികളുടെ പേരിലാണ് ഇവിടുത്തെ തെരുവുകള്‍ അറിയപ്പെടുന്നത്.
ഗ്രാമത്തിലെ വുമണ്‍സ് കമ്മിറ്റിയാണ് ഗ്രാമത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടിയായ സുമിത ഭട്ടാചാര്യയോടുളള ആദര സൂചകമായി തെരുവിന് സുമിത ഭട്ടാചാര്യ ഗലി എന്ന് പേരിട്ടത്.
” ഒരു തെരുവിന് എന്റെ പേരിടാന്‍ മത്രം സമൂഹത്തിന് വേണ്ടി ഞാനൊന്നും ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ഇതോടെ ഉന്നത വിദ്യാഭ്യാസം നേടാന്‍ എനിക്ക് വളരെ വലിയ പ്രചോദനമാണ് ലഭിച്ചിരിക്കുന്നത്. ജംഷഡ്പൂരിലെ വുമണ്‍സ് കോളേജില്‍ ഹിസ്റ്ററിയില്‍ മാസ്റ്റര്‍ ഡിഗ്രിയ്ക്ക് പഠിക്കുന്ന സുമിത പറയുന്നു.
തന്റെ ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനത്തിനായി ഒരുപാട് കഷ്ടപ്പാടനുഭവിക്കേണ്ടി വരുന്നുവെന്ന് സുമിത പറയുന്നു. ഗ്രാമത്തിന് സമീപം കേളേജില്ല, ജംഷഡ്പൂരിലേക്ക് യാത്ര ചെയ്യുക ഏറെ ക്ലേശം നിറഞ്ഞതാണ്. ഗ്രാമത്തില്‍ നിന്നും അവിടേക്ക് ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. സുമിത കൂട്ടിച്ചേര്‍ക്കുന്നു. ഒരു അധ്യാപികയാവുക എന്നതാണ് സുനിതയുടെ ലക്ഷ്യം.
കഷ്ടപ്പാടും ബുദ്ധിമുട്ടും ഏറെയാണെങ്കിലും സംസ്ഥാനത്തിന്റെ മൊത്തം സാക്ഷരതയോട് താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമത്തിന്റെ സാക്ഷരത വളരെ മികച്ചതാണ്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്തെ സാക്ഷരത 66.41% ആണെങ്കില്‍ ഗ്രാമത്തിലേത് 68.39 % ആണ്.
തങ്ങളുടെ ലക്ഷ്യം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സംസ്ഥാനത്തിലെ മറ്റ് ഗ്രാമങ്ങള്‍ക്ക് ഒരു മാതൃകയായി മാറാന്‍ കഴിയുമെന്നുമാണ് ഗ്രാമമുഖ്യന്‍ സാവിത്രി സര്‍ദാര്‍ പറയുന്നത്.
പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നതെന്നും പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ടെന്നും കഴിയുമെങ്കില്‍ മറ്റ് ഗ്രാമങ്ങളിലും ഇതാവര്‍ത്തിക്കണെന്നും സാവിത്രി സര്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.