തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരം ഒഴിവാക്കുന്നതിനെതിരെ ശശി തരൂര്‍ എം.പി. 1999ല്‍ കാര്‍ഗില്‍ യുദ്ധം മൂര്‍ദ്ധന്യത്തില്‍ നിന്നപ്പോഴും ഇന്ത്യ പാകിസ്താനോട് ലോകകപ്പ് കളിച്ച് ജയിച്ചിട്ടുണ്ടെന്നും കളിയ്ക്കാതെ പിന്‍വാങ്ങുന്നത് കീഴടങ്ങലിനേക്കാള്‍ മോശമാണെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.
“1999ല്‍ കാര്‍ഗില്‍ യുദ്ധം രൂക്ഷമായ സമയത്ത് ഇന്ത്യ പാകിസ്ഥാനോട് ലോകകപ്പ് കളിക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ കളിക്കാതെ പിഴയൊടുക്കുന്നത് രണ്ട് പോയന്റ് നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല പോരാടാതെ തോല്‍ക്കുന്നത് കീഴടങ്ങലിനേക്കാള്‍ മോശമാവും.” തരൂര്‍ ട്വീറ്റ് ചെയ്തു.
ഔദ്യോഗിക ദുഖാചരണം പോലും പ്രഖ്യാപിക്കാത്ത സര്‍ക്കാര്‍ മൂന്നു മാസം കഴിഞ്ഞുള്ള കളി റദ്ദാക്കാന്‍ നോക്കുകയാണെന്നും 40 പേരുടെ ജീവനെടുത്ത സംഭവത്തില്‍ ഇതാണോ സര്‍ക്കാരിന്റെ പ്രതികരണമെന്നും തരൂര്‍ ചോദിച്ചു. പ്രകടന രാഷ്ട്രീയമല്ല ശക്തമായ നടപടിയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.
പാകിസ്ഥാനുമായി കളിക്കണോയെന്ന കാര്യത്തില്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അന്തിമ തീരുമാനമെടുക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം.
ജനുവരി 16ന് ഓള്‍ഡ്‌ട്രോഫോര്‍ഡില്‍ വെച്ചാണ് ഇന്ത്യാ പാകിസ്ഥാന്‍ മത്സരം. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിരുന്നു. പാകിസ്ഥാനുമായി കളിക്കരുതെന്ന് ഗാംഗുലിയും ഹര്‍ഭജനുമടക്കമുള്ള മുന്‍ താരങ്ങളും രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കളി ഉപേക്ഷിച്ച് പാകിസ്ഥാന് രണ്ട് പോയന്റ് കൊടുക്കുന്നതിന് പകരം മത്സരത്തില്‍ പങ്കെടുത്ത് അവരെ തോല്‍പ്പിക്കുകയാണ് വേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞിരുന്നു.