സ്വര്‍ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ വസ്തുതാവിരുദ്ധമായ ചില ആരോപണങ്ങള്‍ ഉയരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. മുസ്‌ലിം ലീഗിന്റെ ഇടപെടലുകള്‍ സംഘപരിവാറിന് ഗുണം ചെയ്യുന്ന തരത്തിലാണെന്നുള്ള പ്രചരണങ്ങളായിരുന്നു ഇതില്‍ പ്രധാനം. പി.കെ ഫിറോസ് ആര്‍.എസ്.എസിന് വേണ്ടി കളം നിറഞ്ഞാടുകയാണെന്ന തരത്തില്‍ ഫാറൂഖ് എഴുതി ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനവും ശ്രദ്ധയില്‍പ്പെട്ടിരുന്നു. അടിസ്ഥാന രഹിതവും രാഷ്ട്രീയപ്രേരിതവുമായ ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് ഇവിടെ ശ്രമിക്കുന്നത്.
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള കുറ്റകൃത്യങ്ങളെക്കുറിച്ചും അതുവഴി നടന്നിട്ടുള്ള ഉന്നതതല ഇടപാടുകളെക്കുറിച്ചും ചര്‍ച്ച നടക്കേണ്ട ഈയൊരു വിഷയത്തിലേക്ക് ഖുര്‍ആനെയും മതപരമായ മറ്റ് ചിഹ്നങ്ങളെയും വലിച്ചിഴച്ചത് ഒരിക്കലും മുസ്‌ലിം ലീഗ് അല്ല. തീര്‍ച്ചയായും അത് സി.പി.ഐ.എമ്മും ബി.ജെ.പി.യും ചേര്‍ന്നാണ്. കേരളത്തിലേക്ക് ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ടാണ് ഈ കേസ് എന്നു വരുത്തി തീര്‍ക്കാനാണ് ഇരു പാര്‍ട്ടികളും ഇപ്പോള്‍ ശ്രമിക്കുന്നത്.
സ്വര്‍ണക്കടത്ത് വിഷയത്തോടുകൂടി കേരളത്തില്‍ സി.പി.ഐ.എമ്മിന് എതിരായി ഉയര്‍ന്നുവന്നിരിക്കുന്ന പൊതുവികാരത്തെ മറികടക്കുന്നതിനായി, ഖുര്‍ആനുമായി ബന്ധപ്പെട്ട് വളരെ വൈകാരികമായ തലത്തിലേക്ക് വിഷയത്തെ വഴിതിരിച്ചുവിട്ട് മുസ്ലിം വിഭാഗത്തിന്റെ അനുകമ്പ നേടിയെടുക്കാനുള്ള ശ്രമമാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ നടക്കുന്നത്. സ്വര്‍ണക്കടത്ത് കേസ്സില്‍ ഖുര്‍ആന്‍ കക്ഷിയാകണമെന്ന് നിര്‍ബന്ധമുള്ളത് ആര്‍ക്കാണെന്ന് കോടിയേരിയുടെ ദേശാഭിമാനി ലേഖനത്തില്‍ നിന്നും കൈരളി ചാനലിന്റെ ബ്രേക്കിംഗ് ന്യൂസില്‍ നിന്നും വ്യക്തമാണ്.
യു.ഡി.എഫിനെയും മുസ്ലിം ലീഗിനെയും സംബന്ധിച്ച് ഖുര്‍ആന്‍ വിതരണമോ, ഖുര്‍ആനോ അല്ല ഇവിടത്തെ ചര്‍ച്ചാ വിഷയം. സ്വര്‍ണ്ണക്കടത്ത് മാത്രമാണ്. സ്വര്‍ണ്ണക്കടത്ത് കേസിന്റെ പിന്നാമ്പുറ വശങ്ങളെയും അതിനെ സംരക്ഷിക്കുന്ന ഭരണ സംവിധാനങ്ങളെയും തുറന്നുകാട്ടാനാണ് യു.ഡി.എഫ് സമരം. ഇതില്‍ ആരോപണ വിധേയവരായവരെല്ലാം അന്വേഷണ പരിധിയില്‍ വരണം. അത് കെ.ടി ജലീലായാലും അനില്‍ നമ്പ്യാരായാലും. വി. മുരളീധരനായാലും. ആ പാക്കേജില്‍ ഖുര്‍ആന്‍ അല്ല, എന്‍സൈക്‌ളോപീഡിയ ആയാലും ജലീല്‍ കുറ്റവിമുക്തനാകുന്നില്ലല്ലോ.
ഇവിടെ സി.പി.എം ഈ വിവാദത്തിലേക്ക് ഖുര്‍ആനെ വലിച്ചിഴച്ച് ബി.ജെ.പിക്ക് കൂടുതല്‍ ദൃശ്യത നല്‍കുകയാണ്. അവര്‍ തമ്മില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളുടെ അനന്തര ഫലമാണ് കോടിയേരിയുടെ ലേഖനവും ചാനല്‍ ചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ ഖുര്‍ആന്‍ പരാമര്‍ശവും. രണ്ട് പേരും സ്വപ്നം കാണുന്നത് ഒരേ കാര്യമാണ്. യു.ഡി.എഫ് മുക്ത കേരളം.
കെ.ടി ജലീല്‍
രാജ്യത്തെ മറ്റെല്ലായിടത്തെയുമെന്നപോലെ കേരളത്തിലും ബി.ജെ.പിയുടെ മുഖ്യശത്രു കോണ്‍ഗ്രസ്സാണ്. കേരളത്തില്‍ ഒരു കമ്യൂണിസ്റ്റ് മന്ത്രിസഭ ഉണ്ടായാലും ഇല്ലെങ്കിലും ബി.ജെ.പിയെ സംബന്ധിച്ച് അതൊരു പ്രശ്‌നമല്ല. പക്ഷേ, മറിച്ച് ഒരു കോണ്‍ഗ്രസ് മന്ത്രി സഭ ഉണ്ടാകാതിരിക്കുക എന്നത് ബി.ജെ.പിയുടെ പ്രാഥമിക അജണ്ടയാണ്. അതുകൊണ്ട് തന്നെ ഞങ്ങളേവരും കരുതുന്ന, മനസ്സിലാക്കിയ ഒരു കാര്യം വളരെ കൃത്യമായ ഒരു അന്തര്‍ധാര സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഉണ്ട് എന്നത് തന്നെയാണ്.
2016 ല്‍ ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആര്‍.എസ്.എസിന് ലഭിച്ച കൃത്യമായ അപ്രമാദിത്വം നോക്കൂ. ഇവിടെ സി.പി.ഐ.എം ആഗ്രഹിക്കുന്നത് അവര്‍ക്ക് പ്രതിപക്ഷമായി ബി.ജെ.പിയെ കൊണ്ടുവരണം എന്നുള്ളതാണ്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന് മുദ്രാവാക്യം വിളിച്ച ബി.ജെ.പിയ്ക്ക് ഒരൊറ്റ അജണ്ട മാത്രമേ ഉള്ളൂ. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ ഒരു മുഖ്യമന്ത്രി ഉണ്ടാകുന്നത് തടയുക എന്നുള്ളതാണത്. അതിന് അനുകൂലമായ രീതിയിലാണ് സി.പി.ഐ.എമ്മിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും.
ആര്‍.എസ്.എസിനെ വളരെ കൃത്യമായി താലോലിക്കുന്ന പ്രവൃത്തികളാണ് സി.പി.ഐ.എം തുടര്‍ച്ചയായി നടത്തിവരുന്നത്. പാലത്തായി കേസ്സുള്‍പ്പെടെയുള്ള സംഭവങ്ങളില്‍ കേരളത്തിലെ പൊതുസമൂഹത്തിന് അത് ബോധ്യമായതാണ്. സംഘപരിവാര്‍ നേതാവ് കൂടിയായ ഒരു അധ്യാപകനാല്‍ ഒരു പിഞ്ചു പെണ്‍കുട്ടി പീഡനത്തിനിരയായിട്ടും, പീഡിപ്പിക്കപ്പെട്ട കുട്ടിക്കെതിരെ െൈക്രെം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച തരത്തിലുള്ള അപൂര്‍വ സംഭവമാണ് പാലത്തായി വിഷയത്തില്‍ നടന്നിട്ടുള്ളത്. ആര്‍.എസ്.എസിന് വേണ്ടി പ്രതിയെ സംരക്ഷിക്കാനായി സി.പി.ഐ.എം നടത്തിയ ഈ നീക്കം പകല്‍പോലെ വ്യക്തമാണ്.
പിണറായി വിജയന്‍
പാലത്തായി കേസ്സില്‍ നടന്നത് ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ഇടപെടലല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആര്‍.എസ്.എസിന് അനുകൂലമായി സി.പി.ഐ.എം നടത്തിയ ഇടപെടലുകള്‍ക്ക് വേറെയും നിരവധി ഉദാഹരണങ്ങളുണ്ട്. കേരളത്തില്‍ ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും വളര്‍ത്താന്‍ സി.പി.ഐ.എം ശക്തമായി ശ്രമിക്കുന്നതിന്റെ പിറകില്‍ അധികാര താപത്പര്യം കൂടിയുണ്ട്. ബി.ജെ.പിയ്ക്ക് വളര്‍ച്ച ഉണ്ടാകുന്നതിലൂടെ പ്രതിപക്ഷത്തിന്റെ വോട്ട് രണ്ടായി വിഭജിക്കപ്പെടുമെന്നും അതുവഴി തങ്ങള്‍ക്ക് അധികാരം നിലനിര്‍ത്താമെന്നുമാണ് സി.പി.ഐ.എം കരുതുന്നത്.
ഇത്തരത്തില്‍ ആര്‍.എസ്.എസിന് അനകൂലമായി സി.പി.ഐ.എമ്മും അവരുടെ സര്‍ക്കാറും നടത്തിവരുന്ന നിരന്തര ഇടപെടലുകളെ കാണാന്‍ ശ്രമിക്കാതെ മുസ്‌ലിം ലീഗ് ആര്‍.എസ്.എസ് താത്പര്യങ്ങള്‍ക്ക് വേണ്ടി കളമൊരുക്കുന്നു എന്ന പ്രചരണം നടത്തുന്നവര്‍ രാഷ്ട്രീയപരമായ അവരുടെ മൗഢ്യത്തെയാണ് പ്രകടമാക്കുന്നത്.
കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും ബി.ജെ.പിയും സംഘടിതമായി ചേര്‍ന്ന് സര്‍ക്കാറിനെതിരെ സഖ്യമുണ്ടാക്കുന്നു എന്നതാണ് സി.പി.ഐ.എമ്മിന്റെ മറ്റൊരു ആരോപണം. ഇതിലൂടെ സി.പി.ഐ.ഐം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നത്?. കേരളത്തിലെ രാഷ്ട്രീയ പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള കുറ്റകരമായ വീഴ്ചയ്‌ക്കെതിരെ യാതൊരു ശബ്ദവുമുയര്‍ത്താതെ മാറി നിന്ന് ബി.ജെ.പിക്ക് കളം വിട്ടുകൊടുക്കണമെന്നാണോ അവര്‍ പറഞ്ഞുവരുന്നത്.
ഭരണ പാര്‍ട്ടിക്കെതിരായ ശക്തമായ ഒരു ആരോപണം വിവാദമായി മാറുമ്പോള്‍ അതില്‍ നിങ്ങള്‍ സമരം ചെയ്യരുത്, ഞങ്ങള്‍ മാത്രം ചെയ്‌തോളാം എന്ന് യു.ഡി.എഫിന് ബി.ജെ.പിയോട് പറയാന്‍ കഴിയുമോ. എന്തുമാത്രം വിഡ്ഢിത്തപരമായ പരാമര്‍ശങ്ങളാണ് സി.പി.ഐ.എം നടത്തുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഉയര്‍ന്നുവന്ന ചില ആരോപണങ്ങളില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും ഒരുമിച്ച് സമരരംഗത്തുണ്ടായിരുന്നല്ലോ. സി.പി.ഐ.എം ഇപ്പോള്‍ മുന്നോട്ടുവെക്കുന്ന പരാമര്‍ശങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അന്ന് ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ സഖ്യമായിരുന്നു എന്ന് പറയേണ്ടി വരില്ലേ.
പ്രതിപക്ഷത്തിന്റെ സമരം
ഞങ്ങളിപ്പോഴും പറയുന്നത് കേന്ദ്രമന്ത്രി വി. മുരളീധരനെതിരെയും ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നാണ്. ഇവര്‍ക്കുനേരെ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികള്‍ തയ്യാറല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന്റെ മുന്‍കൈയില്‍ സംസ്ഥാന ഏജന്‍സികള്‍ അതിന് തയ്യാറാകണം. വിഷയത്തില്‍ വി.മുരളീധരനെതിരെ സി.പി.ഐ.ഐം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാത്തത് എന്തുകൊണ്ടാണ് എന്നത് ഗൗരവമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.
കെ.ടി ജലീലിനെ മാത്രമായി മുസ്‌ലിം ലീഗ് നിരന്തരം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നതാണ് മറ്റൊരു ആരോപണം. മുസ്‌ലിം ലീഗിനെ സംബന്ധിച്ച് കെ.ടി ജലീല്‍ എന്ന വ്യക്തി സവിശേഷമായി ഒരു പ്രധാന്യവും അര്‍ഹിക്കുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം മുസ്‌ലിം ലീഗ് വിട്ടുപോകുന്നത്. ശേഷം പതിനഞ്ച് വര്‍ഷം അദ്ദേഹം നിയമസഭ അംഗമായിരുന്നിട്ടും അഞ്ചുവര്‍ഷം മന്ത്രിയായിരുന്നിട്ടും മലപ്പുറം ജില്ലയില്‍ നിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഒരാള്‍ പോലും മുസ്‌ലിം ലീഗ് വിട്ട് ജലീലിന്റെ പക്ഷത്തേക്ക് പോയിട്ടില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കെ.ടി ജലീല്‍ മുസ്‌ലിം ലീഗിന് ഒരു ഭീഷണിയല്ലെന്ന് മത്രമല്ല, പരിഗണിക്കപ്പെടേണ്ട ശത്രുവായി പോലും അദ്ദേഹത്തെ ഞങ്ങള്‍ കണക്കാക്കുന്നില്ല.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരു നിയോജകമണ്ഡലത്തലത്തില്‍ നിന്ന് അദ്ദേഹം ജയിക്കുന്നുവെന്നത് അത്ര വലിയ അത്ഭുതകരമായ കാര്യം ഒന്നുമല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജയം, തോല്‍വി എന്നതിനപ്പുറം ജലീല്‍ എന്നത് ഞങ്ങള്‍ക്കൊരു വിഷയമേ അല്ല.
കെ.ടി ജലീല്‍ എന്ന നിയമസഭ സാമാജികനും മന്ത്രിയും ഞങ്ങളുടെ ഭാഗത്ത് നിന്നും നിരന്തരമായി ചോദ്യം ചെയ്യലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നുണ്ടെങ്കില്‍ അത് കെ.ടി ജലീല്‍ എന്ന വ്യക്തിക്ക് നേരെയല്ല. മറിച്ച് അധികാര സ്ഥാനത്തിരുന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ക്കെതിരെയാണ്.
വി. മുരളീധരന്‍
ഞങ്ങളുടെ സമരം ജനാധിപത്യത്തിനും സുതാര്യതയ്ക്കും വേണ്ടിയാണ്. അധികാരസ്ഥാനത്തിരുന്നുകൊണ്ട് ഉന്നതര്‍ നടത്തുന്ന വഴിവിട്ട നീക്കങ്ങള്‍ക്കെതിരെയാണ്. ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യുന്നതിനായി മുഖ്യമന്ത്രി സ്വീകരിച്ച മാനദണ്ഡമായി അന്ന് പറഞ്ഞത് സ്വപ്‌ന സുരേഷുമായുള്ള ബന്ധം മാത്രമാണ്. എന്നാല്‍ അതേ തെളിവിന്റെ പേരില്‍ ജലീല്‍ സംരക്ഷിക്കപ്പെടുന്നതിലെ വിരോധാഭാസത്തെയാണ് ഞങ്ങളിവിടെ ചോദ്യം ചെയ്യുന്നത്.
അല്ലാതെ ഖുര്‍ആനെയും മതപരമായ മറ്റ് പ്രതീകങ്ങളെയും വിഷയത്തിലേക്ക് വലിച്ചിഴച്ച് ബി.ജെ.പിക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയല്ല ഞങ്ങള്‍ ചെയ്തിട്ടുള്ളത്. അത് ചെയ്തത് സി.പി.ഐ.ഐം തന്നെയാണ്.
ആര്‍.എസ്.എസുമായി ഞങ്ങള്‍ രഹസ്യധാരണയുണ്ടാക്കുന്നു എന്ന് സി.പി.ഐ.ഐം വ്യാജപ്രചരണം അഴിച്ചുവിട്ട അതേ ദിവസങ്ങളില്‍ തന്നെയാണ് ലോക്‌സഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ ആര്‍.എസ്.എസിനെതിരെ ശക്തമായ ശബ്ദമുയര്‍ത്തിയത്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ക്കെതിരെ കേന്ദ്ര ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ക്കെതിരായി ശക്തമായ പ്രതിഷേധം യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.
എല്ലാത്തിനുമപ്പുറം, മുസ്‌ലിം സമുദായത്തെ ഏറ്റവും വലിയ ശത്രുക്കളായി കണക്കാക്കുന്ന ആര്‍.എസ്.എസുമായി ഞങ്ങള്‍ക്കെങ്ങനെ ബന്ധമുണ്ടാക്കാനാകും. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് കേവല ധാരണ പോലും ഇല്ലാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുസ്‌ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തെ ഏറ്റവും വലിയ ശത്രു ആര്‍.എസ്.എസ് തന്നെയാണ്. അതിലൊരു തര്‍ക്കവുമില്ല. ഈ സംസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള ഒരു സ്വാധീന ഘടകമായി ആര്‍.എസ്.എസ് മാറുന്നതിനെ കഴിയുന്നതിന്റെ പരമാവധി തീവ്രതയില്‍ ചെറുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് തന്നെയാണ് ഞങ്ങളുടെ ഒന്നാമത്തെ അജണ്ട.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ