മുംബൈ: ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ച സംഭവത്തിലെ പ്രതികള്‍ ആരാണെങ്കിലും നടപടിയെടുക്കുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി.
സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് പ്രമുഖ വ്യവസായിയുടെയോ സിനിമാ താരത്തിന്റെയോ മകന്‍ ആണോയെന്ന് ഏജന്‍സി നോക്കില്ലെന്നും പ്രതികള്‍ ആരുടെ മകനാണെന്ന് നോക്കേണ്ടത് ഏജന്‍സിയുടെ പണിയല്ലെന്നും എന്‍.സി.ബി മേധാവി പറഞ്ഞു.
” ആരാണ് വ്യവസായിയുടെ മകന്‍, ആരാണ് സിനിമാ താരത്തിന്റെ മകന്‍, ഇത് നോക്കുന്നത് ഞങ്ങളുടെ ജോലിയല്ല. ഒരേ പോലെയായിരിക്കും നടപടിയെടുക്കുക. ഇത് ഭാവിയിലും തുടരും. ഈ നെറ്റ്വര്‍ക്കില്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍, അവര്‍ ഏത് ഇന്‍ഡസ്ട്രിയില്‍ പെട്ടവരായാലും, ഞങ്ങള്‍ നടപടിയെടുക്കും,” എന്‍.സി.ബി വ്യക്തമാക്കി.
ആഡംബര കപ്പലില്‍ നിന്ന് ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ എന്‍.സി.ബി ചോദ്യം ചെയ്യുകയാണ്.
മുംബൈ തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ റെയ്ഡില്‍ പത്ത് പേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കൊക്കെയ്ന്‍,ഹാഷിഷ്, എം.ഡി.എം.എ എന്നിവയും പിടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്യപ്പെട്ട കോര്‍ഡേലിയ ക്രൂയിസ് ലൈനറിന്റെ എംപ്രസ് കപ്പലിലായിരുന്നു റെയ്ഡ് നടത്തിയത്.
കപ്പലില്‍ നടന്ന ഒരു സംഗീത പരിപാടിക്കിടെയായിരുന്നു റെയ്ഡ് നടന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ശനിയാഴ്ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറി.കപ്പല്‍ മുംബൈ തീരത്തുനിന്ന് കടലിന്റെ മധ്യത്തിലെത്തിയപ്പോള്‍ റേവ് പാര്‍ട്ടി ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പാര്‍ട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തത്. റെയ്ഡ് ഏഴുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.